
തൃശൂർ: സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തൃശ്ശൂർ റൂറൽ പൊലീസ് ആദ്യമായി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്‌വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കി. ക്രിപ്റ്റോ കറൻസി / ബിറ്റ്‌കോയിൻ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 2023 നവംബർ 24 മുതൽ 2024 ജനുവരി 28 വരെയുള്ള കാലയളവിൽ 1,12,09,651 രൂപ തട്ടിയെടുത്ത കേസ്സിലാണ് നടപടിയെടുത്തത്. ഈ സംഭവത്തിന് നാഷ്ണൽ ക്രൈം റിപ്പോർട്ടിഗ് പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.
തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിൽ പ്രതിയുടെ ക്രിപ്റ്റോ എക്സ്ചേഞ്ച് വാലറ്റിൽ 11,752 യൂണിറ്റ് യു.എസ്. ഡി.ടി സൂക്ഷിച്ചിരിക്കുന്നതും അതിന്റെ മൂല്യം ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നും തിരിച്ചറിഞ്ഞു. ഈ തുക തിരികെ പിടിക്കുന്നതിനായി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിപ്റ്റോ, ബിറ്റ് കോയിൻ വഴി നടക്കുന്ന സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളിൽ പണം തിരികെ ലഭിക്കാനായി തൃശ്ശൂർ റൂറൽ ജില്ലയിൽ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി.യുടെ പേരിൽ ഒരു പ്രത്യേക ഹാർഡ്‌വെയർ വാലറ്റ് നേരത്തേ വാങ്ങിയിരുന്നു.
കോടതിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ വാലറ്റിൽ ഉണ്ടായിരുന്ന ക്രിപ്റ്റോ കറൻസി ഈ സുരക്ഷിത വാലറ്റിലേക്ക് മാറ്റിയാണ് പൊലീസ് സൂക്ഷിച്ചിട്ടുള്ളത്. തുടർന്ന് കോടതിയുടെ അന്തിമ ഉത്തരവ് ലഭിക്കുന്നതിനുശേഷം ക്രിപ്റ്റോ കറൻസി പരാതിക്കാരന്റെ സ്വന്തം വാലറ്റിലേക്ക് മടക്കി നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam