വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒൻപത് പേർക്ക് പരിക്ക്

By Web TeamFirst Published Jul 29, 2019, 5:32 PM IST
Highlights

പരിക്കേറ്റ ഒൻപത് പേരിൽ ആറ് പേരുടെ നില ഗുരുതരം. എല്ലാവർക്കും തലക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മൂന്ന് പേരെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. സാരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശികളായ രഞ്ജിത്ത് (29), ബാബു (50), സുജൻ (29), ജോയിഷ് (21), ജോൺ (35), ജോബ് (39), ജെസ്റ്റിഷ് (25) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ലെനിൻ (27), സിൽവടിമ (38) എന്നിവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. 

ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പോലീസിന്റെ മധ്യസ്ഥ ചർച്ചയിൽ തർക്കം രമ്യമായി പരിഹരിച്ചിരുന്നു. എന്നാൽ ഇന്ന് ഇരുവിഭാഗവും വീണ്ടും പ്രശ്നം വഷളായി.  ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. മീൻപിടിക്കാനായി ഉപയോഗിക്കുന്ന തടി ഉപകരണം കൊണ്ട് ഇരുവിഭാഗവും ഏറ്റുമുട്ടി. എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഇരുവിഭാഗത്തും ഉണ്ടായിരുന്ന എല്ലാവരെയും പ്രതിചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷത്തിന് അയവുവന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

click me!