അട്ടപ്പാടിയില്‍ നിന്ന് ചന്ദനമരങ്ങൾ മുറിച്ച്കടത്താൻ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍

By Web TeamFirst Published Feb 8, 2020, 5:59 PM IST
Highlights

വനം വകുപ്പിന്‍റെ രാത്രികാല പരിശോധനയിൽ കാറിൽ ചന്ദനമരങ്ങൾ കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്    

പാലക്കാട്: അട്ടപ്പാടിയിൽ ചന്ദനമരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേരെ വനം വകുപ്പ് പിടികൂടി. കണ്ണൂർ, കാസർഗോഡ് സ്വദേശികളാണ് വനം വകുപ്പിന്‍റെ രാത്രികാല പരിശോധനയിൽ പിടിയിലായത്. ഇന്ന് പുലർച്ചെ അട്ടപ്പാടി ഗുളികടവിലാണ് സംഭവം. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. 

കണ്ണൂർ സ്വദേശികളായ ജിനോ, ജോസ്, അലക്സ്, ശ്രീജിത്ത്, കാസർകോട് സ്വദേശി ഷീൻ എന്നിവരാണ് പിടിയിലായത്. 
രാവിലെ സ്ഥലങ്ങൾ നീരിക്ഷിച്ച് വിലയിരുത്തുകയും രാത്രി ആയുധങ്ങളുമായെത്തി ചന്ദന മരങ്ങൾ മുറിച്ചുകടത്തുകയാണ് ഇവർ പതിവായി ചെയ്തുകൊണ്ടിരുന്നത്. പരിശോധനകളിൽ നിന്നും രക്ഷപെടാൻ പ്രതികൾ ആഡംബര വാഹനങ്ങളാണ് ചന്ദനതടികൾ കടത്താനായി ഉപയോഗിച്ചത്. 

ഇവർക്ക് പിന്നിൽ  മറ്റ് സംഘങ്ങളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അട്ടപ്പാടിയിൽ ചന്ദന കടത്ത് കേസുകൾ വർധിക്കുന്ന സാഹിചര്യത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. പത്ത് ദിവസങ്ങൾക്ക് മുൻപ് അഗളി നെല്ലിപ്പതിയിൽ ചന്ദനതടികൾ കടത്താൻ ശ്രമിച്ച മൂന്ന് പേരെ വനം വകുപ്പ് പിടികൂടിയിരുന്നു.
 

click me!