ബൈക്കിന് സൈഡ് നൽകിയില്ല, ബസ് തടഞ്ഞ് കണ്ടക്ടറെ കുത്തി; അഞ്ച് പേർ പിടിയിൽ

By Web TeamFirst Published Apr 8, 2021, 7:58 PM IST
Highlights

തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ബസ് തിരിച്ചുവരുന്നത് കാത്തുനിന്ന യുവാക്കള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.

തൃശ്ശൂര്‍: ബൈക്കിന് സൈഡ് നൽകാത്തതിന് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വിവിധ പോലീസ് സ്റ്റേഷനുകളിയിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ് പിടിയിലായവർ. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുങ്ങല്ലൂരിലേക്ക് പോകവേയാണ്  ഭുവനേശ്വരിയമ്മ എന്ന ബസ് യുവാക്കൾക്ക് സൈഡ് നൽകാതിരുന്നത്. വൈകിട്ട് മൂന്നരയോടെ ഇതേ റൂട്ടിൽ ബസ് തിരിച്ച് പോരുമ്പോഴാണ് യുവാക്കൾ അക്രമം അഴിച്ചുവിട്ടത്.  ബസിലേക്ക് പാഞ്ഞ് കയറിയ യുവാക്കളെ കണ്ടക്ടർ ഗ്ലാഡ്വിൻ തടുത്തു. ഇതോടെയാണ് യുവാക്കള്‍  കണ്ടകടറെ കത്തി ഉപയോഗിച്ച് കുത്തിയത്. ആക്രമണത്തിന് ശേഷം യുവാക്കള്‍ പിന്നീട് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

ചെറിയപാലം സ്വദേശി അക്ഷയ്  അരിപ്പാലം  സ്വദേശി സന്തോഷ് മണ്ണുത്തി സേദേശി ദിനേഷ് പുത്തൂർ   സ്വദേശി സാജൻ മാന്ദാമംഗലം   സ്വദേശി അഖിൽ എന്നിവരെയാണ് മാള മണിയൻകാവിലെ ഒളി സങ്കേതത്തിൽ നിന്ന് ചേർപ്പ് പൊലീസ് പിടികൂടിയത്.ഇവർക്ക് സഹായങ്ങൾ ചെയ്തു നൽകിയ  ചെങ്ങാല്ലൂർ   സ്വദേശി വിഷ്ണുവും പിടിയിലായി.

ഇവരിൽ സാജൻ, അഖിൽ അക്ഷയ് വിനു സന്തോഷ് എന്നിവർ വിയ്യൂരിലെയും കൊരട്ടിയിലെയും വധശ്രമക്കേസിലും സ്ത്രീകളെ വീടുകയറി ആക്രമിച്ച കേസിലും പൊലീസ് തിരയുന്നവരാണ്. സന്തോഷിന്റെ പേരിൽ  വധശ്രമം ഉൾപ്പെടെയുള്ള നാല് കേസും,  ദിനേശിന്റെ പേരിൽ മോഷണം ഉൾപ്പെടെയുള്ള ആറു  കേസും, സാജന്റെ പേരിൽ മോഷണവും വധശ്രമവും അടക്കം വിവിധ സ്റ്റേഷനുകളിലായി 10 കേസുകളും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

click me!