ഇറ്റലിയിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിയത് രണ്ട് കോടി രൂപ; മുൻ ഐഎന്‍ടിയുസി നേതാവ് പിടിയിൽ

By Web TeamFirst Published Sep 28, 2021, 7:56 AM IST
Highlights

ഇറ്റലിയില്‍ നഴസ് ആയി ജോലി വാങ്ങി നൽകാം എന്നു പറഞ്ഞാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്. പാലായിലെ ഐഎൻടിയുസി നേതാവായിരുന്നു ഇയാൾ.

കോട്ടയം: ഇറ്റലിയിൽ ജോലിവാഗ്ദാനം(Job fraud) ചെയ്ത് രണ്ടുകോടി രൂപയോളം തട്ടിയെടുത്ത കേസിൽ മുൻ ഐഎന്‍ടിയുസി(intuc) നേതാവ് പിടിയിൽ. കോട്ടയം(kottayam) വള്ളിച്ചിറയിൽ പിസി തോമസിനെയാണ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും നിരവധി പേരിൽ നിന്നായി രണ്ടു കോടിയോളം രൂപ പിസി തോമസ് തട്ടിയെടുത്തിരുന്നു.  ഇറ്റലിയില്‍ നഴസ് ആയി ജോലി വാങ്ങി നൽകാം എന്നു പറഞ്ഞാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്. പാലായിലെ ഐഎൻടിയുസി നേതാവായിരുന്നു ഇയാൾ. ഈ ബന്ധം  ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി. തോമസ്   മൈസൂരിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പാലാ പൊലീസ് എസ് ഐ അഭിലാഷ് എം ഡി യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം മൈസൂരിൽ പ്രതി താമസിക്കുന്ന ലോഡ്ജിൽ എത്തിയെങ്കിലും അതേ സമയത്തു തന്നെ
സമാന കേസിൽ ഇടുക്കി മുരിക്കാശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

തുടർന്നാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കാളിയാർ, കഞ്ഞിക്കുഴി, കുമളി, കാഞ്ഞാർ, കളമശ്ശേരി, കടുത്തുരുത്തി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 
 

click me!