
കൊച്ചി: ചൂർണിക്കര ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിനെ. തിരുവഞ്ചൂർ റവന്യൂ മന്ത്രിയായിരിക്കെ രണ്ട് വർഷത്തോളം ഇയാൾ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടർന്നാണ് ഇയാളെ പുറത്താക്കിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. വ്യാജ ഉത്തരവിൽ ലാന്റ് റവന്യൂ കമ്മീഷണറുടെ സീൽ പതിപ്പിച്ചത് അരുണായിരുന്നു. വ്യാജ രേഖ ഉണ്ടാക്കുന്നതിലും മറ്റ് പ്രമാണങ്ങളിൽ സീൽ പതിപ്പിക്കുന്നതിനും മുഖ്യ ഇടനിലക്കാരനായ അബുവിനെ സഹായിച്ചിരുന്നത് അരുണായിരുന്നു.
ചൂർണിക്കരയിലെ ഭൂമി തരം മാറ്റാൻ വ്യാജരേഖയുണ്ടാക്കിയത് ഇടനിലക്കാരനായ അബുവാണെന്ന് ഹംസ നേരത്തേ തന്നെ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ കാലടി ശ്രീഭുതപുരം സ്വദേശി അബുവിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാജരേഖയുണ്ടാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അബു 7 ലക്ഷം രൂപ നൽകിയെന്ന് ഹംസ മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വ്യാജരേഖയുണ്ടാക്കിയത് താനാണെന്ന് അബു സമ്മതിച്ചു.അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിലെ ജീവനക്കാരൻ അരുണിനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാജരേഖ നിർമ്മിക്കാൻ അരുണിന്റെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നൽകിയിരുന്നു. അബുവും അരുണും ഉൾപ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്.അരുണിന്റെ പങ്ക് വ്യക്തമാകുന്നതോടെ ഇയാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തും.ഇതിനിടെ പൊലീസ് ആലുവയിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ ഉത്തരവുകളും പ്രമാണങ്ങളും കണ്ടെടുത്തു.വ്യാജരേഖകളുണ്ടാക്കിയതിൽ അബുവിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന. കേസിൽ വിജിലൻസ് സംഘവും അബുവിനേയും അരുണിനേയും ചോദ്യം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam