കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ല; തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകക്കേസിൽ അമ്മയ്ക്ക് ജാമ്യം

By Web TeamFirst Published May 10, 2019, 5:23 PM IST
Highlights

പ്രതി അരുൺ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. അരുൺ ആനന്ദിനെ മാത്രം പ്രതി ചേർത്ത് കേസിൽ യുവതിയെ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ ആദ്യ നീക്കം.  എന്നാൽ അമ്മയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കാണിച്ച് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകിയതോടെ പൊലീസ് യുവതിയെ കേസിൽ പ്രതി ചേ‍ർക്കുകയായിരുന്നു. ഐപിസി 201, 212 വകുപ്പുകൾ അനുസരിച്ച് കുറ്റവാളിയെ സംരക്ഷിച്ചതിനും കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചതിനുമാണ് കേസ്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശം അനുസരിച്ച് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ജെജെ ആക്ട് പൊലീസ് ചുമത്തിയിട്ടില്ല.

മാനസിക ചികിത്സയ്ക്ക് വിധേയയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഏഴ് വയസുകാരന്‍റെ അമ്മൂമ്മയുടെ രഹസ്യ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അമ്മൂമ്മ ഇടുക്കി കോടതിയിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇളയകുട്ടി അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നില്ല.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശം അനുസരിച്ച് തിരുവനന്തപുരത്ത് മുത്തശ്ശനും മുത്തശ്ശിയ്ക്കൊപ്പമാണ് നാല് വയസുകാരൻ കഴിയുന്നത്.

click me!