പ്രവാസിയുടെ വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവം; യുവാക്കള്‍ പിടിയില്‍

By Web TeamFirst Published Jan 19, 2020, 10:17 PM IST
Highlights

പകൽ സമയങ്ങളിൽ അലഞ്ഞ് നടന്ന് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി രാത്രികാലങ്ങളിൽ വെട്ടുകത്തി പാര എന്നിവ ഉപയോഗിച്ച് വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി

തിരുവനന്തപുരം: ആൾ താമസമില്ലാത്ത പ്രവാസിയുടെ വീട്ടിൽ കയറി  41 പവൻ സ്വർണാഭരണങ്ങളും അര ലക്ഷത്തോളം രൂപയും മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ മോഷണം നടത്തിയ നാലുപേരാണ് പിടിയിലായത്.

കേസിലെ രണ്ടാം പ്രതി ആറ്റിങ്ങൽ ആർ എസ്  നിവാസിൽ രവീന്ദ്രൻ മകൻ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ്, പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ ജാഫർ മകൻ സിയാദ്,  വക്കം വലിയ പള്ളി മേത്തര് വിളാകം വീട്ടിൽ അബു മകൻ സിയാദ് , പെരുങ്കളം എംവിപി ഹൗസിൽ നിസാറുദീൻ മകൻ സെയ്ദലി എന്നിവരാണ് പിടിയിലായത്. പകൽ സമയങ്ങളിൽ അലഞ്ഞ് നടന്ന് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി രാത്രികാലങ്ങളിൽ വെട്ടുകത്തി പാര എന്നിവ ഉപയോഗിച്ച് വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി.

നിരവധി മോഷണ അടിപിടി കേസുകളിലെ പ്രതിയാണ് രതീഷ്. കടയ്ക്കാവൂർ മണനാക്ക് ജംഗ്ഷനിൽ പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താൻ ശ്രമിച്ച് റോഡിൽ നോട്ടെറിഞ്ഞ് ആളുകളുടെ ശ്രദ്ധ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ് രതീഷ്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ, എസ്ഐ , ജിഎസ്ഐ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം നടത്തിയ ഒന്നാം പ്രതി യാസിൻ ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വിശദമാക്കി. 

ഒന്നാം പ്രതി യാസിനും രണ്ടാം പ്രതി കണ്ണപ്പൻ രതീഷും ചേർന്നാണ് മോഷണം നടത്തിയത്. യാസിന്റെ വീട്ടിൽ ഒത്തുകൂടിയ സംഘം അവിടെ വച്ച് മോഷണം ആസൂത്രണം ചെയ്യുകയും മോഷണം നടത്തിയ ശേഷം കിട്ടിയ പണം ഉപയോഗിച്ച് ആറ്റിങ്ങൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങുകയും, 1000 ദിർഹം മാറ്റിയെടുത്ത് യാസിൻ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

യുഎ ഇ ദിർഹം മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണശേഷം തമിഴ്നാട്ടിൽ കൊണ്ട് പോയി സ്വർണം വിൽക്കാൻ ശ്രമിച്ചെങ്കിലും പൊങ്കൽ  പ്രമാണിച്ച് അവധിയായതിനാൽ അത് പരാജയപ്പെടുകയായിരുന്നു. റൂറൽ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
 

click me!