കട്ടിലിനടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പോലും വെറുതേവിട്ടില്ല; കൊല്ലപ്പെട്ടത് ഒരുകുടുംബത്തിലെ നാലുപേർ; ബന്ധുവായ യുവാവ് അറസ്റ്റിൽ

Published : Jun 27, 2026, 02:56 PM IST
telangana nalgonda murder

Synopsis

തെലങ്കാനയിലെ നൽ​ഗോണ്ടയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ ടാക്സി ഡ്രൈവർ സയീ​​ദ് അസ്ലം അറസ്റ്റിൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്കും കവർച്ചയിലേക്കും നയിച്ചത്.

ഹൈദരാബാദ്: തെലങ്കാനയെ നടുക്കിയ കൂട്ടക്കൊലക്കേസിൽ പ്രതി പിടിയിൽ. നൽ​ഗോണ്ടയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹൈ​ദരാബാദിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന സയീ​​ദ് അസ്ലമിനെ നാലുദിവസത്തിനുശേഷം പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മുഹമ്മദ് സുൽത്താൻ-ഹസീന ദമ്പതിമാരുടെ ബന്ധുവാണ് പ്രതിയെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടക്കൊലയിലേക്കും കവർച്ചയിലേക്കും നയിച്ചതെന്നും പൊലീസ് പറഞ്ഞു.

ജൂൺ 22-നാണ് നൽ​ഗോണ്ടയിലെ വീട്ടിൽ ഒരുകുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. നൽ​ഗോണ്ടയിൽ താമസിക്കുന്ന മുഹമ്മദ് സുൽത്താൻ, ഭാര്യ ഹസീന, മക്കളായ മുസമ്മിൽ, അഫ്സറ എന്നിവരാണ് കൊല്ലപ്പെട്ടത്. പുറത്തുനിന്ന് പൂട്ടിയിട്ട വീട്ടിൽനിന്ന് ദുർ​ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ അയൽക്കാർ വീട്ടിനുള്ളിൽ കയറി പരിശോധിച്ചതോടെയാണ് അഴുകിയനിലയിൽ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കിടക്കവിരിയിൽ പൊതിഞ്ഞനിലയിലായിരുന്നു നാലുമൃതദേഹങ്ങളും.

നാലുപേരും കുത്തേറ്റ് മരിച്ചതാണെന്നും സംഭവം കൂട്ടക്കൊലയാണെന്നും പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് പണവും സ്വർണവും ആധാരങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടതായും പൊലീസിന്റെ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നട്തിയത്. ഫൊറൻസിക് തെളിവുകളും സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ വിവരങ്ങളും ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സയീദ് അസ്ലമിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാ​ഗമായി അസ്ലം ഉൾപ്പെടെ ഇരുപതോളംപേരെയാണ് പൊലീസ് ചോദ്യംചെയ്തത്. ഒടുവിൽ ശാസ്ത്രീയ തെളിവുകളടക്കം നിരത്തി പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ അസ്ലം കുറ്റംസമ്മതിക്കുകയായിരുന്നു.

ജൂൺ 19-നാണ് അസ്ലം വീട്ടിൽക്കയറി നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അസ്ലമിന്റെ ഭാര്യയുടെ ബന്ധുവാണ് കൊല്ലപ്പെട്ട ഹസീന. ഹൈദരാബാദിൽ ടാക്സി ഡ്രൈവറായ അസ്ലം നേരത്തേ ഹസീനയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. പിന്നീട് പുതിയ കാർ വാങ്ങാനായി വീണ്ടും ഒരുലക്ഷം രൂപ കടമായി ആവശ്യപ്പെട്ട് ഇയാൾ ഹസീനയെ സമീപിച്ചു. എന്നാൽ, നേരത്തേ നൽകിയ തുകയോ ഇതിന്റെ പലിശയോ നൽകാത്തതിന് അസ്ലമിനെ പരിഹസിച്ച ഹസീന, ഇനി വായ്പ നൽകാനാകില്ലെന്ന് തീർത്തുപറഞ്ഞു. നിരാശനായ പ്രതി ഹസീനയുടെ വീട്ടിൽനിന്ന് ഭൂസ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ മോഷണശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് ഹസീനയെയും കുടുംബത്തെയും ഇല്ലാതാക്കാൻ പ്രതി പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

ഹസീനയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്താൻ അസ്ലമിന്റെ ഭാര്യ തബ്സുമും പ്രേരണ നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഹസീനയുടെ ആദ്യഭർത്താവ് നേരത്തേ തബ്സുമിന്റെ മാതാവിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പകയിലാണ് ഹസീനയെയും കുടുംബത്തെയും ആക്രമിക്കാൻ തബ്സും ഭർത്താവിനെ പ്രേരിപ്പിച്ചത്.

എങ്ങനെ കൊല്ലാം, ഓൺലൈനിൽ വീഡിയോകൾ കണ്ട് പ്രതി...

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് മുൻപ് എങ്ങനെ കൊലപാതകം നടത്തണമെന്നത് സംബന്ധിച്ച് പ്രതി ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. എങ്ങനെ കൊല്ലാം എന്നത് സംബന്ധിച്ച് ഒട്ടേറെ വീഡിയോകളും ഓൺലൈനിൽ കണ്ടു. ഇതിനുശേഷമാണ് ജൂൺ 19-ാം തീയതി പ്രതി ഹസീനയുടെ വീട്ടിലെത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ആദ്യം ഹസീനയെയാണ് കുത്തിക്കൊന്നത്. പിന്നാലെ ഭർത്താവായ സുൽത്താനെയും ഇവരുടെ രണ്ടുമക്കളെയും കൊലപ്പെടുത്തി.

ഒളിച്ചിരുന്ന് പെൺകുട്ടി, തിരഞ്ഞുപിടിച്ച് കുത്തിവീഴ്ത്തി....

അതിക്രൂരമായാണ് നാലുപേരെയും അസ്ലം കുത്തിക്കൊലപ്പെടുത്തിയത്. സുൽത്താന്റെ ദേഹത്ത് ആറുതവണയും ഹസീനയുടെ ദേഹത്ത് ഏഴുതവണയും കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അഫ്സറയുടെ ശരീരത്തിൽ ഒൻപത് തവണയാണ് പ്രതി കത്തി കുത്തിയിറക്കിയത്. രക്ഷപ്പെടാനായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പ്രതി തിരഞ്ഞുപിടിച്ച് പുറത്തേക്ക് വലിച്ചിഴക്കുകയും പിന്നാലെ നിരന്തരം കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് ദമ്പതിമാരുടെ മകൻ മുസമ്മിലിന് കൂടുതൽ തവണ കുത്തേറ്റതെന്നാണ് പൊലീസ് നി​ഗമനം. മുസമ്മിലിന്റെ ശരീരത്തിൽ 16 തവണ കുത്തേറ്റതായാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

സ്വർണവും പണവും കവർന്ന് മുങ്ങി...

നാലുപേരെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും ആധാരങ്ങളും ഉൾപ്പെടെ കൈക്കലാക്കിയാണ് പ്രതി മുങ്ങിയത്. നൽ​​ഗോണ്ടയിൽനിന്ന് കാറിൽ രക്ഷപ്പെട്ട പ്രതി വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ മോഷ്ടിച്ച സ്വർണാഭരണങ്ങൾ 5.30 ലക്ഷം രൂപയ്ക്ക് പണയംവെച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

നാലുപ്രതികൾ അറസ്റ്റിൽ...

നൽ​ഗോണ്ടയിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അസ്ലം ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. അസ്ലമിന്റെ ഭാര്യ തബ്സും, കൂട്ടാളികളായ മുഹമ്മദ് സുഹൈൽ, ഹേമന്ത് കുമാർ എന്നിവരാണ് മറ്റുപ്രതികൾ. മുഖ്യപ്രതിയായ അസ്ലമിനെ കുറ്റകൃത്യത്തിനും ഒളിവിൽപോകാനും സഹായിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റ സൗഹൃദം അവസാനിപ്പിച്ചു, വിദ്യാർത്ഥിനിയെ നടുറോഡിൽ ക്രൂരമായി കുത്തിപ്പരിക്കേൽപിച്ച് യുവാവ്
റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 യുവാക്കൾ, കയ്യിലെ കവറിനുള്ളിൽ പപ്പായയുടെ തണ്ട്; ഉപയോഗിക്കുന്നത് വേദനസംഹാരി ഗുളികകള്‍