ബെംഗളൂരുവിലെ 'ശർമ്മ കുടുംബം' പൊലീസ് പരിശോധനയിൽ കുടുങ്ങിയത് പാകിസ്ഥാൻ സ്വദേശികൾ, അറസ്റ്റ്

Published : Oct 01, 2024, 03:35 PM ISTUpdated : Oct 07, 2024, 02:49 PM IST
ബെംഗളൂരുവിലെ 'ശർമ്മ കുടുംബം' പൊലീസ് പരിശോധനയിൽ കുടുങ്ങിയത് പാകിസ്ഥാൻ സ്വദേശികൾ, അറസ്റ്റ്

Synopsis

പൊലീസ് ചോദ്യം ചെയ്യലിൽ ശർമ്മ കുടുംബമാണെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇവർ കാണിച്ചു. എന്നാൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിലെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ഖുറാൻ വാക്യങ്ങളേക്കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് കുടുംബത്തിന്റെ കള്ളി പൊളിയുന്നത്.

ബെംഗളൂരു: ചെന്നൈയിൽ വ്യാജ പാസ്പോർട്ടുമായി രണ്ട് പേർ പിടിയിലായതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബെംഗളൂരുവിൽ മറ്റൊരു പേരിൽ കഴിഞ്ഞിരുന്ന പാകിസ്ഥാൻ സ്വദേശികൾ പിടിയിലായി. ചെന്നൈ അന്തർ ദേശീയ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ചെക്കിംഗിൽ പിടിയിലായ രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

റാഷിദ് അലി സിദ്ദിഖി എന്ന 48കാരൻ ഭാര്യ 38കാരിയായ ആയിഷ, യുവതിയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. രാജപുര  എന്ന സ്ഥലത്ത് ശങ്കർ ശർമ്മ, ആശാ റാണി, റാം ബാബു ശർമ്മ, റാണി ശർമ്മ എന്ന പേരിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഞായറാഴ്ച പൊലീസ് ഇവർ താമസിച്ചിരുന്ന വീട്ടിലെത്തുമ്പോൾ സാധനങ്ങളുമായി ഇവിടം വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ശർമ്മ കുടുംബമാണെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇവർ കാണിച്ചു. എന്നാൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിലെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ഖുറാൻ വാക്യങ്ങളേക്കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് കുടുംബത്തിന്റെ കള്ളി പൊളിയുന്നത്. മുസ്ലിം പുരോഹിതരുടെ ചിത്രങ്ങളും ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ചോദ്യം ചെയ്യലിൽ ലാഹോർ സ്വദേശിയാണ് ഭാര്യയും മാതാപിതാക്കളുമെന്നും കറാച്ചിക്ക് സമീപത്തെ ലിയാഖത്ബാദിൽ നിന്നുള്ളയാളാണ് താനുമെന്ന് ശങ്കർ ശർമ്മ എന്ന പേരിൽ കഴിഞ്ഞിരുന്ന റാഷിദ് അലി സിദ്ദിഖി വിശദമാക്കുന്നത്. 2011ലാണ് ആയിഷയെ ഓൺലൈനിലൂടെ വിവാഹം ചെയ്യുന്നത്. 

ഈ സമയത്ത് ആയിഷയും കുടുംബവും ബംഗ്ലാദേശിലായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ മതപുരോഹിതരുടെ നിർബന്ധം താങ്ങാനാവാതെയാണ് ഇയാൾ ബംഗ്ലാദേശിലെത്തി ആയിഷയ്ക്കൊപ്പം താമസം ആരംഭിക്കുന്നത്. ഇതിനിടെ ഒരു മുസ്ലിം പുരോഹിതന്റെ സഹായത്തോടെയാണ് ഇയാളും ഭാര്യയും ഭാര്യാ മാതാപിതാക്കളും അവരുടെ ബന്ധുക്കളായ രണ്ട് പേരുമൊന്നിച്ച് പശ്ചിമ ബംഗാളിലെ മാൾഡ വഴി ദില്ലിയിലെത്തിയത്. ഇവിടെ നിന്ന് വ്യാജ രേഖകൾ സംഘടിപ്പിച്ച ശേഷം റാഷിദ് അലി സിദ്ദിഖിയും കുടുംബവും താമസം ബെംഗളൂരിലേക്ക് മാറ്റുകയായിരുന്നു.

ദില്ലിയിൽ വ്യാജ ആധാർ കാർഡ് അടക്കമുള്ളവ ഇവർ സ്വന്തമാക്കിയിരുന്നു. ദില്ലിയിൽ മെഹ്ദി എന്ന സ്ഥാപനത്തിൽ റാഷിദ് അലി സിദ്ദിഖി മതപഠന ക്ലാസുകൾ നടത്തിയിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 2018ൽ നേപ്പാൾ സന്ദർശനത്തിന് ഇടയിൽ പരിചയപ്പെട്ട വ്യക്തിയിലൂടെയാണ് ഇവർ ബെംഗളൂരിലേക്ക് എത്തിയത്. വാടകയ്ക്ക് വീട് ശരിയാക്കി നൽകിയത് ഈ ബെംഗളൂരു സ്വദേശിയാണെന്നാണ് ഇവർ വിശദമാക്കുന്നത്. വഞ്ചന, ആൾമാറാട്ടം, വ്യാജ പാസ്പോർട്ട് അടക്കമുള്ള രേഖകൾ സംഘടിപ്പിക്കലും ഉപയോഗിക്കലും അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പാസ്പോർട്ട് ആക്ട് അനുസരിച്ചുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സൂഫി ആത്മീയ ആചാരിയായ യൂനസ് അൽഗോഹറിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മെഹ്ദി ഫൌണ്ടേഷനാണ് ഇവരെ രാജ്യത്ത് എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

തീവ്രവാദത്തിന് എതിരായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനാൽ പാകിസ്ഥാനിൽ അടക്കം ഈ വിഭാഗക്കാർക്ക് ഭീഷണികളുണ്ട്. അതേസമയം മെഹ്ദി ഫൌണ്ടേഷന്റെ നിലവിലെ പ്രസിഡന്റും ബ്രിട്ടനിൽ അഭയം തേടുകയും ചെയ്ത അംജദ് ഗോഹർ അനുയായികൾ  ഒരു രാജ്യത്തിന്റെ നിയമം തെറ്റിക്കുന്നതിന് ഒരു രീതിയിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർജാമ്യ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ