
മാന്നാർ: ആലപ്പുഴയില്‍ 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ നാലുപേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദു (22)വിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് കായംകുളം പത്തിയൂർ എരുവ ജിജിസ് വില്ലയിൽ ഹാഷിമിന്റെ മകൻ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രജിത്ത് (22), ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനിൽ വിക്രമന്റെ മകൻ അരുൺ വിക്രമൻ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉദയകുമാറിന്റെ മകൻ ഉമേഷ് (26) എന്നിവരെ പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി നന്ദുവിനെ കാണുവാനില്ല എന്ന് കാണിച്ച് മാതാപിതാക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്കോര്‍പ്പിയോ കാറിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നും വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായവരെ ചെങ്ങന്നൂർ പാണ്ഡവൻപാറ പ്രദേശത്തു നിന്നും ചെങ്ങന്നൂർ പൊലീസിന്റെ സഹായത്തോടെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കച്ചവടത്തിൽ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
നന്ദുവിനെ കാണാതാവുകയും നന്ദുവിന്റെ മൊബൈൽ ഫോൺ ആറിന്റെ തീരത്ത് കിടന്ന് കിട്ടിയതും ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിൽ നന്ദുവിനെ സ്കോർപിയോ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു. കായംകുളം ഓച്ചിറ ഉൾപ്പെടെ കേരളത്തിലെ പല സ്റ്റേഷനുകളിലും ആയി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടുതവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള ആളാണ് തക്കാളി ആഷിക് എന്ന് പൊലീസ് പറഞ്ഞു.
Read More : 'ടിക്കറ്റെടുക്കും, ആളില്ലാ സ്റ്റേഷനിലിറങ്ങും, പൊലീസിനെ വെട്ടിക്കാന്‍ പലവഴി'; കഞ്ചാവുമായി യുവാവ് പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam