Asianet News MalayalamAsianet News Malayalam

'ടിക്കറ്റെടുക്കും, ആളില്ലാ സ്റ്റേഷനിലിറങ്ങും, പൊലീസിനെ വെട്ടിക്കാന്‍ പലവഴി'; കഞ്ചാവുമായി യുവാവ് പിടിയില്‍

ഗൾഫിൽ ഡ്രൈവർ ജോലിയായിരുന്ന ഷിബാബ്  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.  ചെന്നൈയിൽ ഹോട്ടലിൽ ജേലി ചെയ്തുവരവേ ആണ് സാമ്പത്തിക ബുദ്ധിമുട്ടു മൂലം മയക്കുമരുന്ന് കാരിയറായി പ്രവർത്തിക്കാൻ തുടങ്ങിയത്. 

youth arrested with marijuana in kzohikode
Author
First Published Sep 21, 2022, 8:35 PM IST

കോഴിക്കോട് : കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട.  ആറര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ സി.പി ഷിഹാബിനെ (33) ആണ്   അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡൻസാഫ് ) എസ് ഐ അരുൺ വി ആർ  ന്റെ നേതൃത്വത്തിലുള്ള  ഫറോക്ക്  പൊലീസും ചേർന്ന് പിടികൂടിയത്. ഫറോക്ക്‌ റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ചാണ് പ്രതിയെ പൊലീസ് പൊക്കിയത്.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസ് ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരിക്കെതിരെ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച് പരിശോധനകൾ കർശനമായി നടത്തി വരുന്നതിനിടെയാണ്  ഷിഹാബ് പൊലീസിന്റെ പിടിയിലാവുന്നത്. ഫറോക്ക് സ്കൂൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വ്യാപക മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. കഞ്ചാവ് വിതരണത്തിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഷിഹാബിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. 

ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാർക്ക് മൊത്തമായി മറിച്ചു വിൽക്കുകയും ചെയ്യുകയാണ് ഷിഹാബിന്‍റെ രീതി. പൊലീസിനെ കബളിപ്പിക്കുന്നതിനായി  ആളൊഴിഞ്ഞ സ്റ്റോപ്പിൽ ട്രെയിൻ നിർത്തുമ്പോൾ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാർഗ്ഗം പോവുകയാണ് ചെയ്തിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഷിഹാബിനെ നിരീക്ഷിച്ച്, കഞ്ചാവ് വിതരണത്തിലെ ശൈലി പഠിച്ചാണ്  ഡൻസാഫ്  പ്രതിയെ വലയിലാക്കുകയായിരുന്നു. 

ഗൾഫിൽ ഡ്രൈവർ ജോലിയായിരുന്ന ഷിബാബ്  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.  ചെന്നൈയിൽ ഹോട്ടലിൽ ജേലി ചെയ്തുവരവേ ആണ് സാമ്പത്തിക ബുദ്ധിമുട്ടു മൂലം മയക്കുമരുന്ന് കാരിയറായി പ്രവർത്തിക്കാൻ തുടങ്ങിയത്. പ്രതിയുമായി ബന്ധപ്പെട്ട മറ്റു കണ്ണികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഫറോക്ക് സി.ഐ എം പി സന്ദീപ് പറഞ്ഞു.  പിടിയിലായ ഷിഹാബിന് ഭവനഭേദനം മോഷണം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

ആന്ധ്രയിൽ നിന്ന് വിലക്കുറവിൽ വാങ്ങുന്ന കഞ്ചാവിന് കേരളത്തിൽ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനിൽ എളുപ്പം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഞ്ചാവെത്തിക്കാം എന്നതുമാണ് അന്യ സംസ്ഥാനത്ത് നിന്നും ട്രെയിൻ മാർഗ്ഗം  കഞ്ചാവെത്തിക്കാൻ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.  ഫറോക്കും പരിസര പ്രദേശങ്ങളിലും ലഹരി ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതോ വിൽക്കുന്നതോ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കേരളാ പോലീസിന്റെ ലഹരിക്കെതിരെയുളള പുതിയ പദ്ധതിയായ 'യോദ്ധാവിന്‍റെ' വാട്ട്സ്ആപ്പ് നമ്പറിലേക്ക് അറിയിക്കാമെന്നും ഫറോഖ് എ.സി.പി  എ.എം സിദ്ധിഖ് പറഞ്ഞു .

ലഹരിക്കെതിരെ കോഴിക്കോട് സിറ്റി ഡാൻ സാഫ് സ്ക്വാഡ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരുടെ സ്വത്ത് വകകൾ സർക്കാരിലേക്ക് കണ്ടെത്താനുള്ള നടപടികൾ സ്വീകരിച് വരികയാണെന്നും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. ഡൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ സി.പി.ഒ കെ.അഖിലേഷ് സി.പി.ഒ ജിനേഷ് ചൂലൂർ, ഷാഫി പറമ്പത് കാരയിൽ സനോജ്, അർജുൻ അജിത്ത്   ഫറോഖ് സ്റ്റഷനിലെ എസ്.ഐ മുഹമ്മദ് ഹനീഫ എ.എസ്.ഐ മാരായ ഹരീഷ് പി, ജയാ നന്ദൻ, സി.പി.ഒ ജാങ്കിഷ്  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Read More : 'എന്നെ ഇനി ജീവനോടെ കാണില്ല'; പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ

Follow Us:
Download App:
  • android
  • ios