വീടിന് ദോഷം, സ്വർണ്ണക്കുരിശ് നിർമ്മിച്ചാൽ മാറുമെന്ന് വാഗ്ദാനം; തട്ടിയത് 21 പവൻ, 2 സ്ത്രീകൾ അറസ്റ്റിൽ

Published : Nov 09, 2022, 09:37 PM IST
വീടിന് ദോഷം, സ്വർണ്ണക്കുരിശ് നിർമ്മിച്ചാൽ മാറുമെന്ന് വാഗ്ദാനം; തട്ടിയത് 21 പവൻ, 2 സ്ത്രീകൾ അറസ്റ്റിൽ

Synopsis

വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും പ്രതികള്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കി.

പത്തനംതിട്ട: വീടിന് ദോഷം മാറാൻ സ്വർണക്കുരിശ് നിർമിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഇരുപത്തി ഒന്ന് പവൻ സ്വർണം തട്ടിയെടുത്തു. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി സുമതി എന്നിവരാണ് അറസ്റ്റിലായത്. ദേവിക്ക് 35 ഉം സുമതിക്ക് നാൽപത്തി അഞ്ചും വയസാണ് പ്രായം. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു ദേവിയും, സുമതിയും. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തിയായിരുന്നു ഉപജീവനം. ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.

വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ദേവിയും സുമതിയും സമാന രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം