പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആളൊഴിഞ്ഞിടത്ത് വെച്ച് പണം തട്ടിപ്പറിക്കുന്നയാൾ പിടിയിൽ

By Web TeamFirst Published Jul 9, 2019, 11:35 PM IST
Highlights

ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ തമ്പിക്കുട്ടി ഇൻഷുറൻസ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് മേരിക്കുട്ടിയെ ഫെഡറൽ ബാങ്കിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിലെത്തിക്കുകയായിരുന്നു

കോട്ടയം: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആളൊഴിഞ്ഞിടത്ത് വെച്ച് പണം തട്ടിപ്പറിക്കുന്നയാൾ പിടിയിൽ. പൊലീസിന്‍റെ സുരക്ഷാ ക്യാമറയിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി പാസ്റ്റർ ജോയി എന്ന തമ്പിക്കുട്ടിയെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. 

മുക്കട സ്വദേശി മേരിക്കുട്ടി വർഗ്ഗീസിന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. മെയ് 20ന് എരുമേലിയിൽ നിന്നും കൊല്ലമുളയ്ക്ക് പോകാൻ ബസ് കയറിയ മേരിക്കുട്ടിയോട് ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ തമ്പിക്കുട്ടി ഇൻഷുറൻസ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഇവരെ ഫെഡറൽ ബാങ്കിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച ശേഷം പണമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 

മേരിക്കുട്ടിയുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ തിങ്കളാഴ്ച വീണ്ടും എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിയ ഇയാളെ കൺട്രോൾ റൂമിലെ പൊലീസുകാർ തിരിച്ചറിഞ്ഞു. ഉടൻ എരുമേലി സി ഐ ദിലീപ്ഖാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. 

പൊലീസ് എത്തുന്നതറിഞ്ഞ് ഓട്ടോയിൽ കടന്നു കളയാൻ ശ്രമിച്ച പ്രതിയെ ശ്രീനിപുരത്ത് വെച്ചാണ് പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുണ്ടെന്നും ജയിൽ ശിക്ഷ അനുഭവിച്ചയാളാണെന്നും പൊലീസ് പറഞ്ഞു.
 

click me!