ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളി; ഇതുവരെ ചോദ്യം ചെയ്തിട്ടില്ലാത്തവരും നിരീക്ഷണത്തില്‍

By Web TeamFirst Published Oct 6, 2019, 9:09 AM IST
Highlights

കൂടത്തായിലെ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. റോയിക്ക് സയ്നൈഡ് നല്‍കിയെന്ന് ഭാര്യ ജോളി സമ്മതിച്ചിരുന്നു. ജോളിക്ക് സയ്നെഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്ക് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനൊന്ന് പേർ പൊലീസ് നിരീക്ഷണത്തിലാണുള്ളത്. ഇവര്‍ക്ക് കൊലപാതക പരമ്പരയുമായും ജോളിയുമായുമുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യംചെയ്യാത്തവരും നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. മൊഴിയിലെ വാസ്തവത്തേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ജോളിയുടെ ഫോൺ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കൂടത്തായിലെ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. റോയിക്ക് സയ്നൈഡ് നല്‍കിയെന്ന് ഭാര്യ ജോളി സമ്മതിച്ചിരുന്നു. ജോളിക്ക് സയ്നെഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്. പ്രജുകുമാറിന്‍റെ സ്വര്‍ണ്ണപണിശാലയില്‍  നിന്നും സയ്നൈഡ് കണ്ടെത്തിയിട്ടുമുണ്ട്. അറസ്റ്റ് ഇവരില്‍ മാത്രം അവസാനിക്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. റോയിയുടെ പിതാവ് ടോം തോമസ് റോയിയുടെ അമ്മ  അന്നമ്മ അന്നമ്മയുടെ സഹോദരന്‍ മാത്യു,  ബന്ധു സിലി,  സിലിയുടെ കുട്ടി അല്‍ഫിന്‍ എന്നിവരുടെ മരണകാരണങ്ങളെകുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ജോളി നല്‍കിയെന്നാണ് സൂചന. 

ഇവരെ കൊല്ലാന്‍ സയ്നൈഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചെന്നാണ് ജോളി നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഏതു വിഷവസ്തുവാണെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്  കോടതിയില്‍ ഹാജരാക്കിയ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ജോളിയെ ബുധനാഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കുറ്റം സമ്മതിച്ചതിനാല്‍ മാത്യുവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
 

click me!