
പൂനെ: സമൂസയ്ക്കുള്ളിൽ നിന്നും കോണ്ടം, ഗുട്ക, കല്ല് തുടങ്ങിയ ലഭിച്ച സംഭവത്തിന് പിന്നാലെ പൂനെയിൽ ഐസ് കട്ടയ്ക്കുള്ളിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസിൽ നിന്നും ചത്ത എലിയെ കിട്ടിയത്. കൂൾബാർ നടത്തിപ്പുകാരനായ യുവാവ് ജ്യൂസ് അടിക്കാനായി വാങ്ങിയ ഐസ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും കൂൾബാർ, വഴിയോര കടകളിലേക്കുമൊക്കെ ഐസ് വിതരണം ചെയ്യുന്ന കമ്പനിയുടേതാണ് പാക്കറ്റ്.
ഐസ് പായ്ക്കറ്റിനുള്ളിലെ ചത്ത എലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഐസ് വിതരണ കമ്പനിക്കെതിരെ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ഫാക്‌ടറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, കൂൾബാറുകൾ, വഴിയോര ജ്യൂസ് കടകൾ തുടങ്ങി പൂനെയിലെ പ്രധാന കച്ചവസ്ഥാപനങ്ങളിലേക്കെല്ലാം ഐസ് എത്തിക്കുന്ന കമ്പനിയ്ക്ക് നേരെയാണ് ആരോപണം. വൃത്തിഹീനമായ സാഹചര്യത്തിലുള്ള വെള്ളവും ചത്ത എലിയുമൊക്കെ ഐസ് കട്ടയ്ക്കുള്ളിൽ വന്നാൽ മാരക രോഗങ്ങൾ എങ്ങനെ ഉണ്ടാകാതിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
വഴിയരികിൽ നിന്ന് ജ്യൂസും, ഐസ്ക്രീമും ഒക്കെ കഴിക്കുന്ന നിരവധി പേരുണ്ട്, എങ്ങനെയാണ് ഇനി വിശ്വസിച്ച് ഇവ വാങ്ങുകയെന്നാണ് ഉയരുന്ന ചോദ്യം. ഇതോടെ കച്ചവടക്കാരും ഐസ് വിതരണക്കാരനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കടുത്ത വേനൽകാലത്ത് എല്ലാവരും തണുത്ത വെള്ളവും ജ്യൂസുമൊക്കെ തേടി പായുമ്പോഴാണ് ഐസ് കട്ടയ്ക്കുള്ളിൽ ചത്ത എലിയെ കണ്ടെത്തിയത്. സംഭവത്തിൽ വ്യപാരികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ഐസ് നിർമ്മാണ കമ്പനിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും റെയ്ഡ് നടത്തണമെന്നും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ പിംപാരി ചിഞ്ച്‌വാഡിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ കമ്പനിയിൽ വിതരണം ചെയ്ത സമൂസയിൽ നിന്നും കോണ്ടം, ഗുട്ക, കല്ല് എന്നിവ ലഭിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിൽ ആണ് സംഭവം. ഇവിടെയുള്ള ജീവനക്കാർ തന്നെയാണ് സമൂസയിൽ നിന്നും കല്ലും ഗുട്ഖയും കോണ്ടവും കണ്ടെത്തിയത്. ഓട്ടോമൊബൈൽ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതിലുള്ള പ്രതികാരനടപടിയായി ഒരു ബിസിനസുകാരനാണ് ഈ പ്രവൃത്തി നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam