മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു

By Web TeamFirst Published Sep 8, 2022, 5:34 PM IST
Highlights

വീടിന്‍റെ വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തി.

ചെന്നൈ:  തന്‍റെ മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനെത്തുടര്‍ന്നുള്ള അസൂയയില്‍ എട്ടാംക്ലാസുകാരനെ വിഷംകൊടുത്ത് കൊന്ന കേസില്‍ അറസ്റ്റിലായ യുവതിയുടെ വീട് അടിച്ച് തകര്‍ത്തു.  സഹായമേരി വിക്ടോറിയയുടെ വീടാണ്  അജ്ഞാത സംഘം തകര്‍ത്തത്. കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്‍-മാലതി ദമ്പതിമാരുടെ മകനും മകളുടെ സഹപാഠിയുമായ ബാലമണികണ്ഠ(13)നെയാണ്  സഹായമേരി വിക്ടോറിയ കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ സഹായ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത്  സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും  പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

പുതുച്ചേരിയിലെ ന്യായവില കടയിൽ സെയിൽസ്മാനായ രാജേന്ദ്രന്റേയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനായ ബാല മണികണ്ഠൻ ആണ്  വിഷബാധയേറ്റ് മരിച്ചത്. പ്രദേശത്തെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബാല മണികണ്ഠൻ. സ്കൂൾ ആനിവേഴ്സറി ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ ഈ കുട്ടിക്ക് സഹപാഠിയുടെ അമ്മ വിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായിഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കൾ ബാല മണികണ്ഠനെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ മൂന്നാം തീയതി രാത്രി പത്തരയോടെ കുട്ടി മരണപ്പെട്ടത്.  ക്ലാസിൽ ഒന്നാമനായ ബാല മണികണ്ഠനോടുള്ള അസൂയ കാരണം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെ അമ്മ വിക്ടോറിയ സകയ റാണി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ മരണത്തെ തുടർന്ന് വിക്ടോറിയ സകയറാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിരോധിച്ച് സകയ തന്നെയാണ് കുട്ടിക്ക് ശീതള പാനീയം നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

Read More :  കടുവക്കുഞ്ഞിനെ വില്‍ക്കാനുണ്ട്, വില 25 ലക്ഷം! ; പൂച്ചയ്ക്ക് നിറമടിച്ച് തട്ടിപ്പ്, യുവാവ് പിടിയില്‍

tags
click me!