
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ നായ് വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ നിന്ന് ആറരക്കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്വദേശിയുടെ പക്കൽ നിന്നും വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ച് വീറ്റിരുന്നത്. കടുവാമുഴി സ്വദേശികളായ ഷാനവാസ്, നിഷാദ് എന്നിവർ റൈഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇവരുടെ സഹായി സഞ്ചുവിനെ പൊലീസ് പിടികൂടി. പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കഞ്ചാവ് വിൽപന. നായ വളർത്തലും വിൽപനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. ഈരാറ്റുപേട്ട എസ് ഐ വി വി വിഷ്ണുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അൽസേഷ്യൻ, ലാബ് തുടങ്ങി എട്ടു മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു. ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
റെയില്‍വേ സ്റ്റഷനില്‍ 20 കിലോ കഞ്ചാവുമായി യുവാക്കള്‍; ഓടിച്ചിട്ട് പിടികൂടി ആര്‍പിഎഫ്
കഞ്ചാവ് വിൽപ്പനക്കാരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് ഓടിച്ചിട്ട് പിടികൂടി റെയില്‍വേ പൊലീസ്. തിരുവനന്തപുരം സ്വദേശികളാണ് 20 കിലോ കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. വിളവെടുപ്പ് കാലമായതിനാൽ വൻതോതിലാണ് ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.
തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുബിൻ രാജ്, വെള്ളറട സ്വദേശി അനു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ഗുരുദേവ് എക്സ്പ്രസിൽ വന്നിറങ്ങിയ പ്രതികൾ, പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 20 കിലോയിൽ അധികം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ മുൻപും ലഹരി കടത്ത് കേസിൽ അറസ്റ്റിലായിട്ടുള്ളവരാണ്.
ആന്ധ്രയിൽ വിളവെടുപ്പ് കാലമായതോടെ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ട്. ചെറിയ വിലയ്ക്ക് അവിടെ നിന്ന് വാങ്ങി അമിത ലാഭത്തിൽ ഇവിടെ വിൽക്കും. കൊവിഡ് കാലത്ത് ലഹരി കടത്ത് അല്പം കുറഞ്ഞെങ്കിൽ ഇപ്പോൾ വൻതോതിൽ കൂടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കൊല്ലം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 190 കിലോ കഞ്ചാവാണ് ആർപിഎഫ് പിടികൂടിയത്. എന്നാൽ ഇക്കൊല്ലം ഇതുവരെ 160 കിലോയ്ക്ക് മുകളിൽ പിടികൂടിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam