ഒളിത്താവളം വളഞ്ഞപ്പോൾ വെടിവയ്‍പ്! കടന്നു കളഞ്ഞ ജോര്‍ജ്‍കുട്ടിയെ പിടിച്ചത് സാഹസികമായി

By Web TeamFirst Published Jul 30, 2019, 10:43 AM IST
Highlights

20 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ പ്രതിയായ ജോര്‍ജ്കുട്ടി ബംഗളൂരുവില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനുള്ള ജോര്‍ജ്കുട്ടിയുടെ ശ്രമം നടന്നില്ല. വെടിവയ്പില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.
 

തിരുവനന്തപുരം: തെളിവെടുപ്പിനിടെ രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ്കുട്ടി മലപ്പുറത്ത് പിടിയിലായി. 20 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ പ്രതിയായ ഇയാള്‍ ബംഗളൂരുവില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. മലപ്പുറത്ത് വണ്ടൂരിലുള്ള ഭാര്യവീട്ടില്‍ ജോര്‍ജ്കുട്ടി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് എക്സൈസ് സംഘം ഇവിടേക്കെത്തുകയായിരുന്നു. എക്സൈസ് സംഘത്തിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനുള്ള ജോര്‍ജ്കുട്ടിയുടെ ശ്രമം നടന്നില്ല. വെടിവയ്പില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.

ജൂലൈ നാലിനാണ് ബംഗളൂരുവില്‍ വച്ച് തെളിവെടുപ്പിനിടെ ജോര്‍ജ്കുട്ടി രക്ഷപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിൽ നിന്ന് രക്ഷപെടാന്‍ സഹായിച്ച  കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ ഈ മാസം 27ന് ബംഗളൂരുവില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയിരുന്നു. ജോര്‍ജ്കുട്ടിക്ക് ഒളിത്താവളം ഒരുക്കിയത് ഇവര്‍ തന്നെയാണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടില്‍ ജോര്‍ജ്കുട്ടി എത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. 

വണ്ടൂരിലെത്തിയ അന്വേഷണസംഘം  ഒളിത്താവളം വളഞ്ഞാണ് ജോര്‍ജ്കുട്ടിയെ സാഹസികമായി പിടികൂടിയത്. ഇതിനിടെ,കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഇയാള്‍ ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടി ഉതിർക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ മനോജിനാണ് വെടിവയ്പില്‍ പരുക്കേറ്റത്. കാലിന് പരുക്കേറ്റ മനോജിനെ വണ്ടൂർ നിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എക്സൈസ് ഇൻസ്പെക്ടർ അനി കുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെയും മലപ്പുറത്തെയും എക്സൈസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ജോര്‍ജ്കുട്ടിയെ പിടികൂടിയത്.

കോവളം വാഴമുട്ടത്ത് നിന്നായിരുന്നു ജോര്‍ജ്‍കുട്ടി കാറിന്‍റെ  രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. കേരളത്തിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിച്ചിരുന്ന ജോർജ്ജ് കുട്ടിയെ മയക്കുമരുന്നമായി പിടികൂടാൻ കഴിഞ്ഞത് എക്സൈസിനും പോലീസിനും ഏറെ ആശ്വാസമായിരുന്നു. ഇയാളെ പിടികൂടിയ  ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പ്രത്യേക അവാ‍ർഡ് നൽകുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് വേട്ടക്കിടെ തൃപ്പൂണിത്തുറയിൽവച്ച് പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളിൽ പ്രതിയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോർജ്ജ് കുട്ടി. ബംഗളൂര്‍ ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍. 
 

click me!