ഇടുക്കി: പ്രണയബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞതിന് കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ പെൺകുട്ടിയ്ക്കാണ് മർദ്ദനമേറ്റത്. സംഭവം ഒതുക്കി തീർക്കാൻ കോളേജ് അധികൃതരും പൊലീസും ശ്രമിക്കുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഇടുക്കി മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ് താടിയെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്ലാസ് മുറിയിലിട്ട് സഹപാഠിയായ ജിത്തു ജോൺ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടിയും ജിത്തുവും മുമ്പ് പ്രണയത്തിലായിരുന്നു.
കുറേനാൾ മുമ്പ് യുവാവിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ ഈ ബന്ധം ഉപേക്ഷിച്ചു. അതിൽപ്പിന്നെ നിരന്തരം ഇയാൾ ശല്യപ്പെടുത്തിയിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണത്തിന് ജിത്തുവിന്‍റെ ചില സുഹൃത്തുക്കളും സഹായിച്ചതായി കുടുംബം ആരോപിക്കുന്നു.
സംഭവം ഒതുക്കി തീർക്കാനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. മുരിക്കാശ്ശേരി പൊലീസിൽ നിന്നുണ്ടായതും മോശം അനുഭവമാണെന്ന് ബന്ധുക്കളും പറയുന്നു.
അതേസമയം, സംഭവത്തിൽ ജിത്തുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്ക് വേണ്ടി അന്വേഷണത്തിലാണെന്നുമാണ് മുരിക്കാശ്ശേരി പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam