വാക്കുതർക്കത്തിനിടയിൽ 'അബദ്ധത്തിൽ' പെൺകുട്ടിയുടെ മേൽ ആസിഡ് വീണു

By Web TeamFirst Published Jan 12, 2020, 12:06 PM IST
Highlights

പെൺകുട്ടിയുടെ മുഖത്തും കൈകളിലും പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആശാ സോങ്കർ, ഭർത്താവ് മുകേഷ് സോങ്കർ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ലക്നൗ: കൈസർബാഗ് പ്രദേശത്ത് ജ്വല്ലറി ഉടമയും സ്ത്രീയും തമ്മിൽ നടന്ന വാക്കുതർക്കത്തിനിടെ 14 വയസുള്ള പെൺകുട്ടിക്ക് ആസിഡ് വീണു ​ഗുരുതരമായി പൊള്ളലേറ്റു. ലക്നൗവിലാണ് സംഭവം. പെൺകുട്ടിയുടെ മുഖത്തും കൈകളിലും പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആശാ സോങ്കർ, ഭർത്താവ് മുകേഷ് സോങ്കർ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അബദ്ധത്തിൽ ആസിഡ് പെൺകുട്ടിയുടെ ശരീരത്തിൽ വീണതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി കൈസർബാഗ് സർക്കിൾ ഓഫീസർ  സഞ്ജീവ് സിൻഹ പറഞ്ഞു.

പാദസരം മിനുക്കുന്നതിന് വേണ്ടിയാണ് ആശാ സോങ്കർ എന്ന യുവതി ഗാസിയാരി മണ്ഡിയിലുള്ള ജ്വല്ലറിയിലെത്തിയത്. എന്നാൽ ആശാ സോങ്കറും ജ്വല്ലറി ഉടമയും തമ്മിൽ വാക്കുതർക്കമുണ്ടായി. ''വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന്, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ആസിഡ് സൂക്ഷിച്ചിരുന്ന ബാ​ഗ് എടുത്ത് എറിഞ്ഞു. സമീപത്തുണ്ടായിരുന്ന പെൺകുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും മേലാണ് ആസിഡ് വീണത്. സ്ത്രീകൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ പെൺകുട്ടിയുടെ മുഖത്തും കൈകളിലും ​ഗുരുതരമായി പരിക്കേറ്റു.'' പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി.  

click me!