'കാണാതായ മകളെ തിരയാൻ ജീപ്പിൽ പെട്രോളടിക്കണം, 15000 രൂപ വാങ്ങി', യുപി പൊലീസിനെതിരെ പരാതിയുമായി സ്ത്രീ

By Web TeamFirst Published Feb 2, 2021, 2:57 PM IST
Highlights

''ചില സമയത്ത് മകളെ തിരയുകയാണെന്ന് പറയും. ചിലപ്പോൾ മകളെക്കുറിച്ച് അപവാദം പറയും. വാഹനങ്ങിൽ ഡീസൽ അടിച്ചു നൽകിയാൽ മകളെ തിരയാം എന്നും പറഞ്ഞു...''

ലക്നൗ: കാണാതായ മകളെ കണ്ടെത്താൻ ഉത്തർ പ്ര​ദേശ് പൊലീസ് പണം ആവശ്യപ്പെട്ടെന്ന പരാതിയുമായിസ്ത്രീ. മകളെ കണ്ട് പിടിച്ച് നൽകണമെങ്കിൽ ജീപ്പിൽ പെട്രോളടിക്കണമെന്ന് പറഞ്ഞ പൊലീസ് ഇവരിൽ നിന്ന് 10000 നും 15000 നും ഇടയിൽ തുക കൈപ്പറ്റിയെന്നാണ് സ്ത്രീയുടെ ആരോപണം. ഒരു മാസം മുമ്പാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സ്ത്രീ പരാതിയിൽ പറയുന്നത്. 

ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീ ക്രച്ചസിലാണ് നടക്കുന്നത്. ​ഗുഡിയ എന്ന സ്വയം പരിചയപ്പെടുത്തിയ ഇവർ കാൺപൂർ പൊലീസ് തലവനെ കാണാനെത്തുകയും പണം കൈപ്പറ്റിയ ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിപ്പെടുകയുമായിരുന്നു. പണം നൽകിയിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ചില സമയത്ത് മകളെ തിരയുകയാണെന്ന് പറയും. ചിലപ്പോൾ മകളെക്കുറിച്ച് അപവാദം പറയും. വാഹനങ്ങിൽ ഡീസൽ അടിച്ചു നൽകിയാൽ മകളെ തിരയാം എന്നും അവർ പറഞ്ഞു - പ്രാദേശിക മാധ്യമങ്ങളോട് സ്ത്രീ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ചിലപ്പോഴവരെന്നെ ആട്ടിയോടിക്കും. ഞാൻ അവർക്ക് കൈക്കൂലി നൽകിയില്ല. അവരുടെ വാഹനങ്ങളിൽ ഡീസൽ നിറച്ചുകൊടുത്തു. രണ്ട് പൊലീസുകാരുണ്ട്. അതിൽ ഒരാൾ എന്നെ സഹായിച്ചു. മറ്റേയാൾ സഹായിച്ചില്ല - സ്ത്രീ കൂട്ടിച്ചേർത്തു. ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയാണ് ഡീസൽ നിറച്ചുകൊടുത്തത്. ഇങ്ങനെ എങ്ങനെ അന്വേൽണം മുന്നോട്ട് കൊണ്ടുപോകാൻ തനിക്കാകുമെന്നും ആ അമ്മ ചോദിക്കുന്നു. 

​ഗുഡിയ ആരോപണം ഉന്നയിക്കുന്ന വീഡിയോ വൈറലായതോടെ സംഭവത്തിൽ ജുഡീഷ്യസൽ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം ​ഗുഡിയയുടെ മകളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു. മകളെ കണ്ടെത്താൻ നാലം​ഗ സംഘത്തെ നിയോ​ഗിച്ചതായി യുപി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. 

click me!