മരുമകന് കല്ല്യാണത്തിന് ഒരുലക്ഷം രൂപ നല്‍കിയെന്ന് കോടതിയില്‍ പറഞ്ഞു; വധുവിന്‍റെ അച്ഛനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

By Web TeamFirst Published Jul 22, 2019, 10:32 PM IST
Highlights

കോടതിയില്‍ വാദത്തിനിടെ രാംലാല്‍ വിവാദ ദിവസം ഒരുലക്ഷം രൂപ നല്‍കിയത് പരാമര്‍ശിച്ചു. തുടര്‍ന്ന് സ്ത്രീധനം നല്‍കുന്നതും കുറ്റകരമാണെന്നും രാം ലാലിനെതിരെ കേസെടുക്കണമെന്നും എതിര്‍ വക്കീല്‍ വാദിച്ചു.

ജോധ്പുര്‍: മരുമകനും പിതാവിനുമെതിരെ സ്ത്രീധന പീഡന പരാതി നല്‍കാന്‍ കോടതിയില്‍ പോയ വധുവിന്‍റെ അച്ഛന് തിരിച്ചടി. വാദത്തിനിടെ വിവാഹ ദിവസം വരന് സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കിയെന്ന പരാമര്‍ശമാണ് ഇയാള്‍ക്ക് തിരിച്ചടിയായത്. സ്ത്രീധന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ജോധ്പുര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. മുന്‍ പട്ടാളജീവനക്കാരനായ രാം ലാല്‍ എന്നയാളാണ് കുടുങ്ങിയത്. 

2017ലാണ് രാംലാലിന്‍റെ മകള്‍ മനീഷയെ ജെത്മലിന്‍റെ മകന്‍ കൈലാഷിന് വിവാഹം ചെയ്ത് നല്‍കിയത്. തുടര്‍ന്ന് മകളെ ജെത്മല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ അപമാനിക്കുകയാണെന്നും നോയിഡയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ച് പരാതി നല്‍കിയത്. കൈലാഷും മകളെ സ്വീകരിക്കുന്നില്ലെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു.

മകളെ ഭര്‍തൃപിതാവ് ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ വാദത്തിനിടെ രാംലാല്‍ വിവാദ ദിവസം ഒരുലക്ഷം രൂപ നല്‍കിയത് പരാമര്‍ശിച്ചു. തുടര്‍ന്ന് സ്ത്രീധനം നല്‍കുന്നതും കുറ്റകരമാണെന്നും രാം ലാലിനെതിരെ കേസെടുക്കണമെന്നും എതിര്‍ വക്കീല്‍ വാദിച്ചു. അഭിഭാഷകന്‍റെ വാദം അംഗീകരിച്ച ജഡ്ജി റിച്ച ചൗധരി രാം ലാലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

click me!