ഈ വർഷം വന്നത് എട്ട് ബാഗ്, കാർഗോയുമായി സരിത് പേരൂർക്കടയിൽ: സിസിടിവികൾ തേടി കസ്റ്റംസ്

By Web TeamFirst Published Jul 10, 2020, 3:50 PM IST
Highlights

നയതന്ത്രബാഗ് വാങ്ങാൻ കോൺസുലേറ്റ് വാഹനം ഉപയോഗിക്കണമെന്നും, എയർപോർട്ട് കാർഗോയിൽ പണം അടയ്ക്കാൻ ആർടിജിഎസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ചട്ടമുണ്ട്. എന്നിട്ടും ഇതെല്ലാം സരിത്ത് ലംഘിച്ചിരുന്നു. 

കൊച്ചി/ ദില്ലി: തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ വരുന്നവർ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടമുണ്ടെന്നിരിക്കെ, സരിത് സ്ഥിരമായി വരാറ് സ്വന്തം കാറിലെന്നും കസ്റ്റംസ് കണ്ടെത്തി. 

കാറുമായി ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂർക്കട ഭാഗത്തേക്കാണ് ആദ്യം സരിത് എപ്പോഴും പോകാറ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എവിടെയോ വച്ച് സ്വർണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് ബാഗുമായി പോകുകയാണ് പതിവെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഈ സാഹചര്യത്തിൽ ഈ വഴിയുള്ള കൂടുതൽ സിസിടിവി ക്യാമറകൾ തേടുകയാണ് കസ്റ്റംസ്. 

അതേസമയം, കേസ് അന്വേഷണത്തിനായി കസ്റ്റംസ് ആവശ്യപ്പെട്ട ജനുവരി മുതലുളള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‍റെ കൈവശമില്ലെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് കസ്റ്റംസ് പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ എയര്‍പോര്‍ട്ടിന്‍റെ പരിസരത്തെ പൊലീസ് ക്യാമറകളൊന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പേട്ടയിലുളള ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് പൊലീസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. 

ഭീകരബന്ധമോ? വേര് തേടി കസ്റ്റംസും എൻഐഎയും

കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടെന്ന് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നതായി ദില്ലി ബ്യൂറോ റിപ്പോ‍ർട്ട് ചെയ്യുന്നു. സ്വർണ്ണം അയക്കുന്ന ചിലർക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകൾ നേരത്തെ കിട്ടിയ അടിസ്ഥാനത്തിൽ കൂടിയാണ് എൻഐഎ നേരിട്ട് തന്നെ അന്വേഷിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം സംഭവത്തിൽ ഒതുങ്ങാതെ വ്യാപക അറസ്റ്റുകൾ കേസിലുണ്ടാവാമെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നുണ്ട്. 

പ്രധാനമന്ത്രിയുടെ കൂടി അനുമതിയുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്ത് കേസ് എൻഐഎക്ക് വിട്ടത്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഇതിനായി പരിഗണിച്ചു. കേരളത്തിൽ നിന്ന് ഐഎസ്സിൽ ചേർന്നവർ സ്വർണം സംസ്ഥാനത്തേക്ക് കടത്തി എന്ന റിപ്പോർട്ടുകളും കേന്ദ്രസ‍ർക്കാരിന് ലഭിച്ചിട്ടുണ്ട്. 

രാജ്യത്തെ ഭീകരസംഘടനകളെ സഹായിക്കാൻ വിദേശത്ത് നിന്നുള്ള സ്വർണം ഉപയോഗിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കസ്റ്റംസ് തന്നെയാകും അന്വേഷിക്കും. എന്നാൽ വലിയ റാക്കറ്റിന്‍റെ കണ്ണികൾ എന്ന നിലയ്ക്ക് യുഎപിഎ പ്രകാരം പ്രതികൾക്കെതിരെ എൻഐഎക്ക് കേസെടുക്കാനാകും. രാജ്യത്തിനെതിരായ കള്ളക്കടത്ത് അന്വേഷിക്കാൻ എൻഐഎ നിയമം ഏജൻസിക്ക് അധികാരം നൽകുന്നുണ്ട്. വിദേശത്ത് കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരമുണ്ടെന്നതും എൻഐഎക്ക് മുതൽക്കൂട്ടാണ്. 

യുഎഇയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടും എന്നാണ് എൻഐഎ അടക്കമുള്ള ഏജൻസികൾ പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും യുഎഇ വാഗ്ദാനം ചെയ്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ച്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ ഉൾപ്പടെ അറസ്റ്റുകൾ നടന്നേക്കാം എന്നത് ഉറപ്പാണ്. എൻഐഎ അന്വേഷണവും അറസ്റ്റും അതിൽ പുറത്തുവരുന്ന വിവരങ്ങളുടെയും ഒക്കെ പശ്ചാത്തലത്തിലാകും കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നതാവും ഈ കേസിന്‍റെ രാഷ്ട്രീയ പ്രധാന്യം.

click me!