'നിരപരാധി, മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല', മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന

By Web TeamFirst Published Jul 9, 2020, 11:08 AM IST
Highlights

തന്‍റെ ചിത്രങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് സ്വപ്ന സുരേഷിന്‍റെ ആവശ്യം. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വിളിച്ചതിനാലാണ് നയതന്ത്ര ബാഗ് എന്തുകൊണ്ടാണ് തടഞ്ഞതെന്ന് ചോദിക്കാൻ കസ്റ്റംസിനെ വിളിച്ചത്. 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രചാനൽ വഴി വൻസ്വർണക്കടത്ത് നടത്തിയ കേസിൽ താൻ നിരപരാധിയെന്ന് സ്വപ്ന സുരേഷ്. ഇ- ഫയലിംഗ് വഴി ഇന്നലെ അർദ്ധരാത്രിയോടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്‍റെ വാദം. കോൺസുലേറ്റിൽ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ തന്‍റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

കൊവിഡ് 19 പശ്ചാത്തലത്തിൽ നിലവിലെ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവിൽ ആക്ടിംഗ് കോൺസുലേറ്റ് ജനറലായി പ്രവർത്തിക്കുന്ന റാഷിദ് ഖാമിസ് അൽ ഷമെയ്‍ലി തനിക്ക് വന്ന കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് കസ്റ്റംസിനെ വിളിച്ച് താൻ കാര്യങ്ങൾ അന്വേഷിച്ചത്. കസ്റ്റംസ് കാർഗോ ഓഫീസിൽ താൻ പോയില്ല, കോൺസുലേറ്റ് നിർദേശ പ്രകാരം ഇ- മെയിൽ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നേരിട്ട് പോയി കാർഗോ കൈപ്പറ്റാൻ തനിക്ക് കഴിയില്ല. കോൺസുലേറ്റ് പിആർഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാലാണ് ഫോണിൽ വിളിച്ച് കാർഗോ എത്തുന്നത് വൈകുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു. 

പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ തെറ്റെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും പറയാനില്ല, പക്ഷേ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കാൻ തയ്യാറാണ്- സ്വപ്ന വ്യക്തമാക്കുന്നു.

 

click me!