ബേക്കലിൽ വൻ സ്വർണ വേട്ട: മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ കടത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Feb 5, 2020, 11:01 AM IST
Highlights

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 

ബേക്കല്‍: കാസർഗോഡ് ബേക്കലിൽ വൻ സ്വർണവേട്ട. കാറിൽ രഹസ്യ അറയിൽ കടത്തുകയായിരുന്ന പതിന‍ഞ്ചരകിലോ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വിപണിയിൽ ആറ് കോടി രൂപ വിലവരുന്ന വിദേശ നിർമ്മിത സ്വർണമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണകടത്ത് സംഘം പിടിയിലായത്. ബേക്കൽ ടോൾ ഗേറ്റിൽ നിന്നും പിടികൂടിയ കർണാടക രജിസ്ട്രേഷനുള്ള വാഹനം കാസർഗോഡ് കസ്റ്റംസ് ഓഫീസിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. കാറിനകത്ത് നിർമ്മിച്ച രഹസ്യ അറകളിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. ഉരുക്കിയെടുത്ത പത്തൊമ്പത് സ്വർണകട്ടികളും മൂന്ന് സ്വർണ മാലകളുമാണ് കണ്ടെത്തിയത്.

മുംബൈ സാംഗ്ലി സ്വദേശികളായ രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കണ്ണൂർ ഭാഗത്ത് നിന്നും മുംബൈയിലെ കേന്ദ്രത്തില്‍ എത്തിക്കാനായാണ് സ്വർണം കടത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. കണ്ണൂർ കസ്റ്റംസിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്വർണവേട്ടയാണിത്. 1988 ൽ 1600 സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയതാണ് ഏറ്റവും വലുത്. പ്രതികളെ നാളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് വിവരം. വിദേശത്ത് നിന്നും സ്വർണം കടത്തിയവരെ കുറിച്ചും ഇന്ത്യയിലെ മറ്റ് ഇടപാടുകാരെക്കുറിച്ചും ഇവരിൽ നിന്നും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് .

click me!