കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവ് അതുലിനെ കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കാർ ഇടിച്ചു വീഴ്ത്തിയ ശേഷം മുഖം മറയ്ക്കാതെ എത്തിയ സംഘം വടിവാളുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതുൽ അക്രമിക്കപ്പെടുമെന്ന് ഇൻ്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപോർട്ട് നൽകിയിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ അതുൽ വ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴി ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു ആക്രമണം. കുക്കു എന്ന് വിളിക്കുന്ന മനുവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാല് പ്രതികൾ മറ്റൊരു കാറിൽ ഇവരെ പിന്തുടരുകയായിരുന്നു. കാർ ഇടിച്ചിട്ട ശേഷം വാളുമായി ചാടിയിറങ്ങി തുരുതുരാ വെട്ടുകയായിരുന്നു. അതുലിന്റെ തലക്കാണ് വെട്ടേറ്റത്. തലയോട്ടി പിളർന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടത്തൂർ സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഡീഷണൽ എസ്പി സ്ഥലത്തെത്തിയിരുന്നു. കൊല്ലുക എന്ന ഉദ്ദേശം മാത്രമാണ് പ്രതികൾക്കുണ്ടായിരുന്നത്. സമീപങ്ങളിൽ സിസിടിവി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും മുഖം പൊലും മറയ്ക്കാതെയാണ് നാല് പേർ വടിവാളുകളുമായി എത്തിയത്. പട്ടാപ്പകൽ സിനിമാ രംഗത്തെപ്പോലും വെല്ലുന്ന കൊലപാതകം നടന്ന ഞെട്ടലിലാണ് പുതിയകാവ്. ഏറെക്കാലമായി നിലനിൽക്കുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മാർച്ച് 27 നാണ് ജിം സന്തോഷിനെ അലുവ അതുലും സംഘവും വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് സന്തോഷിനെ കൊലപ്പെടുത്താൻ ഗുണ്ടാസംഘം അകത്ത് കടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. പങ്കജ് പറഞ്ഞിട്ടാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അലുവ അതുൽ പൊലീസിൽ മൊഴി നൽകിയിരുന്നു. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും വിരോധത്തിന് കാരണമായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തനിക്ക് സന്തോഷുമായി വ്യക്തി വിരോധം ഉണ്ടായിരുന്നില്ല. അനീറിനെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിരുന്നു. ജിംസന്തോഷ് വധകേസിൽ റിമാന്റിൽ കഴിയവെ കൊല്ലം ജില്ലാ ജയിൽ വാർഡനെ അലുവ അതുൽ മർദ്ദിച്ച് പരുക്കേൽപ്പിച്ചിരുന്നു.ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്പ്യൂട്ടർ അതുൽ തല്ലി തകർക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകും.

