കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട, പിടിച്ചത് 27 ലക്ഷത്തിന്‍റെ സ്വർണം

By Web TeamFirst Published Jul 13, 2020, 8:27 PM IST
Highlights

ഞായറാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിൻ്റെ സ്വർണം 7 പേരിൽ നിന്നായി പിടികൂടിയിരുന്നു. 

കണ്ണൂർ: വീണ്ടും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. തുടർച്ചയായി രണ്ടാം ദിവസമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ  നിന്നാണ് കസ്റ്റംസ് 600 ഗ്രാം  സ്വർണം പിടികൂടിയത്. വിപണിയിൽ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യൻ രൂപ വില വരും. 

ഞായറാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിൻ്റെ സ്വർണം 7 പേരിൽ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസർകോട് സ്വദേശികളാണ് ഞായറാഴ്ചയും പിടിയിലായത്. ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്‍റെ തുടർപരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വർണം പിടികൂടിയത്.

വന്ദേഭാരത് ദൗത്യത്തിലൂടെ തിരികെ വരുന്ന പ്രവാസികൾക്കിടയിൽ നിന്നും സ്വർണം പിടികൂടുന്നത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണക്കടത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ വാർത്തയായിരുന്നതാണ്. കൊവിഡ് കാലമായതിനാൽ നിലവിൽ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ആദ്യവാരവും കഴിഞ്ഞ മാസവുമായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ്. 

Read more at: കൊവിഡ് കാലത്തും സ്വര്‍ണക്കടത്ത് തകൃതി: കഴിഞ്ഞ 20 ദിവസത്തിൽ പിടികൂടിയത് ആറ് കോടിയുടെ സ്വർണം

click me!