
കണ്ണൂർ: ഓണ്‍ലൈനിലൂടെ പണമടക്കാമെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നു. സ്വർണം വാങ്ങിയ ശേഷം വ്യാജ ട്രാൻസാക്ഷൻ വിവരങ്ങൾ ജ്വല്ലറി ഉടമകളെ കാണിച്ചാണ് തട്ടിപ്പ്. അന്തർ സംസ്ഥാന മോഷ്ടാവായ കർണാടക സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന്
പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ നഗരത്തിലെ രാമചന്ദ്രൻ നീലകണ്ഠൻ എന്ന ജ്വല്ലറിയിൽ തട്ടിപ്പ് നടന്നത്. ഇൻകം ടാക്സ് ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ മോതിരവും താലിമാലയുമടക്കം അഞ്ച് പവൻ സ്വർണമാണ് തട്ടിച്ചത്. സ്വർണം വാങ്ങിയ ശേഷം രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരം രൂപയുടെ ബിൽ തുക മൊബൈൽ വഴി അടക്കാമെന്ന് പറഞ്ഞു.
പിന്നീട് പണം ട്രാൻസ്ഫർ ആയെന്ന് ജ്വല്ലറി ഉടമയോട് പറഞ്ഞ്, മെസേജും കാണിച്ച് സ്ഥലം വിട്ടു. ഒരു മണിക്കൂറായിട്ടും അക്കൗണ്ടിൽ പണം എത്താതായതോടെ ജ്വല്ലറി ഉടമ ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴേക്കും ആള് സ്ഥലം വിട്ടിരുന്നു.
പയ്യാമ്പലത്തെ ലോഡ്‍ജിൽ താമസിച്ച് ശേഷം ടാക്സിയിലാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. ഇവിടുന്ന് സ്വർണം തട്ടിച്ച ശേഷം കാസർകോട് എത്തി ഒരു ജ്വല്ലറിയിൽ ഇതേ തന്ത്രം പ്രയോഗിച്ചെങ്കിലും ഡിജിറ്റൽ പേമന്‍റ് സംവിധാനം ഇല്ലാത്തതിനാൽ തട്ടിപ്പ് നടന്നില്ല. ഇയാൾ കേരളം വിട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam