മീശ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ചന്ദ്രൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടിൽ രാജേന്ദ്രൻ എന്നയാളുടെ കൈ ഒടിഞ്ഞിരുന്നു.

തൃശൂർ: ഗുരുവായൂർ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ. പൂ കച്ചവടം നടത്തുന്ന സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുകയും തട്ടിലും പരിസരത്തുമായി മനുഷ്യ വിസർജ്യമടക്കം വിതറിയതിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് 66 കാരൻ ക്രൂരമായ ആക്രമണത്തിനിരയായത്. മീശ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ചന്ദ്രൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടിൽ രാജേന്ദ്രൻ എന്നയാളുടെ കൈ ഒടിഞ്ഞിരുന്നു. ഇരുമ്പ് പൈപ്പിനാണ് ചന്ദ്രൻ രാജേന്ദ്രനെ ആക്രമിച്ചത്. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശിയും, കുറേകാലമായി ഗുരുവായൂർ ക്ഷേത്രപരിസരത്ത് തമ്പടിക്കുകയും ചെയ്ത വ്യക്തിയാണ് ചന്ദ്രൻ. രാജേന്ദ്രൻ ഗുരുവായൂർ വടക്കേ നടയിലെ മാഞ്ചിറ ജംഗ്ഷനിൽ കച്ചവടം നടത്തുന്ന പൂ തട്ടിനടുത്തേക്ക് വന്ന പ്രതി മലമൂത്ര വിസർജനം നടത്തുകയും ഒരു കവറിൽ മലവും മറ്റ് മാലിന്യങ്ങളും കൊണ്ടുവന്ന് തട്ടിലും, പരിസരത്തും വാരിയിടുകയും, തട്ട് തല്ലിത്തകർത്ത് 10,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തിരുന്നു. 

ഇതിനെതിരെ രാജേന്ദ്രൻ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. പ്രതി ഒരു ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് ആക്രമിച്ചത്. കഴിഞ്ഞ 12ന് പുലര്‍ച്ചെ മൂന്നുമണിയോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മര്‍ദ്ധിക്കുന്നതും കട തല്ലി തകര്‍ക്കുന്നതും നിരീക്ഷണ ക്യാമറയില്‍ വ്യക്തമായിരുന്നു. സംഭവത്തിൽ ആദ്യം കേസെടുക്കാൻ കൂട്ടാക്കാതിരുന്ന പൊലീസ് സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് കേസ് എടുത്ത് പ്രതിയെ പിടികൂടിയത്. ഏഴു വര്‍ഷത്തോളമായി വടക്കേനടയിൽ മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്നയാളാണ് രാജേന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം