
തൃശൂര്‍ : കൊലപാതകശ്രമ കേസിൽ ഗുണ്ടാ നേതാവ് കടവി രഞ്ജിത്ത് ഉൾപ്പെടെ 3 പേർക്ക് 17 കൊല്ലം തടവ് ശിക്ഷ വിധിച്ച് കോടതി. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കടവി രഞ്ജിത്ത്, സജേഷ്, അനിൽ എന്നിവരെയാണ് തൃശൂർ നാലാം അഡീഷ്ണൽ ജില്ലാ ജഡ്ജി കെ വി രജനീഷ് ശിക്ഷിച്ചത്. 17 വർഷം കഠിന തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.
2011 ജൂലൈ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവി രഞ്ജിത്തിന്‍റെ എതിര്‍ സംഘാംഗമായ ദൊരൈബാബുവിന്‍റെ അളിയനായിരുന്നു സന്ദീപ്. 2007 ല്‍ ദൊരൈ ബാബു കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സൊണിയപ്പനെ സന്ദീപും സംഘവും ചേര്‍ന്ന് 2008 ല്‍ കൊലപ്പെടുത്തിയിരുന്നു. കടവി രഞ്ജിത്തിന്‍റെ സന്തത സഹചാരിയായിരുന്നു സോണിയപ്പന്‍. സോണിയപ്പന്‍റെ കൊലപാതകശേഷം ഒളിവില്‍ പോയ സന്ദീപിനായി തക്കം പാര്‍ത്തിരിക്കുകയായിരുന്നു കടവിയും സംഘവും. സന്ദീപ് ദൊരൈബാബുവിന്‍റെ വീട്ടിലെത്തിയതറിഞ്ഞ് അവിടേക്കെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് കാറിലിരുന്ന് ആക്രമണം നിയന്ത്രിച്ചത് കടവിയായിരുന്നു.
മറ്റു പ്രതികള്‍ വീടിനകത്തേക്ക് കയറും മുമ്പ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോന്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ തട്ടി ബോംബ് പൊട്ടി. ആക്രമി സംഘം എത്തും മുമ്പ് സന്ദീപ് മുറിയില്‍ കയറി കതകടച്ചതിനാലാണ് രക്ഷപെട്ടു. കുടുംബാഗങ്ങളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടു സാധനങ്ങള്‍ തകര്‍ത്താണ് അക്രമി സംഘം മടങ്ങിയത്. വിചാരണ വേളയില്‍ ഒന്നാം സാക്ഷി സന്ദീപ് കൂറു മാറുകയും ചെയ്തിരുന്നു. മറ്റ് ദൃക്സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷ്ണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി ലക്ഷ്മണ്‍ ഹാജരായി. കാപ്പാ ചുമത്തിയ കടവി രഞ്ജിത്ത് കണ്ണൂര്‍ ജയിലിലാണ് ഇപ്പോഴുള്ളത്.