കോട്ടയത്ത് സിപിഎം വിമത സ്ഥാനാർത്ഥിയുടെ വീടുൾപ്പടെ അഞ്ചോളം വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം

By Web TeamFirst Published Dec 13, 2020, 12:03 AM IST
Highlights

കുറുവിലങ്ങാട് സിപിഎം വിമതനായി മത്സരിച്ച സ്ഥാനാർത്ഥിയുടെ വീടുൾപ്പടെ അഞ്ചോളം വീടുകൾക്ക് നേരെ ഗുണ്ടാക്രമണം.

കോട്ടയം: കുറുവിലങ്ങാട് സിപിഎം വിമതനായി മത്സരിച്ച സ്ഥാനാർത്ഥിയുടെ വീടുൾപ്പടെ അഞ്ചോളം വീടുകൾക്ക് നേരെ ഗുണ്ടാക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പരിസരവാസികൾ ആരോപിച്ചു. ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു

രാത്രി പത്തരയോടെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 25-ഓളം പേരടങ്ങുന്ന സഘം വീടുകൾക്ക് നേരെ അക്രമം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച മുൻ സിപിഎം നേതാവായ എം രമേശിന്‍റെ വീടുൾപ്പടെ പരിസരത്തെ അഞ്ച് വീടുകളാണ് സംഘം എറിഞ്ഞു തകർത്തത്. 

ഈ സമയം വീടുകളിൽ ഉണ്ടായിരുന്ന സത്രീകളും വയസ്സായവരുമടക്കം 15 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടുകളുടെ മുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും സംഘം നശിപ്പിച്ചു. 

തെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ സിപിഎമ്മിലെ വിഭാഗീയത പ്രദേശത്ത് രൂക്ഷമായിരുന്നു. സിപിഎം ബന്ധം ഉപേക്ഷിച്ച് രമേശൻ സ്വാതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത് മുതൽ പ്രദേശത്ത് പ്രശനങ്ങളുണ്ടായിരുന്നു സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് രമേശനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. 

ഇതിന് പിന്നാലെയാണ് വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പരിസരവാസികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നും വീട്ടുടമസ്ഥർ ആരോപിച്ചു.

click me!