
ദില്ലി: കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്തിൽ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോഗസ്ഥൻ. ദില്ലിയിലെ ആർകെ പുരത്താണ് ദാരുണമായ കൊലപാതകം നടന്നത്. ക്ലർക്കായ യുവാവ് സീനിയറായ സഹപ്രവർത്തകനെ കൊലപ്പെടുത്തുകയും മൃതദേഹം ക്വാർട്ടേഴ്സിന് സമീപം കുഴിച്ചിട്ട ശേഷം സ്ഥലം കോൺക്രീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ അനീഷ് എന്ന യുവാവ് അറസ്റ്റിലായി. അനീഷ് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിനുള്ള കാരണം പറയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്‌സിലെ സീനിയർ സർവേയറായ മഹേഷാണ് കൊല്ലപ്പെട്ടത്. മഹേഷ് അനീഷിൽ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്തെന്നും പൊലീസിനോട് പറഞ്ഞു.
ആഗസ്റ്റ് 28ന് അനീഷ് അവധിയെടുത്ത് ഗൂഢാലോചന നടത്തി. ലാജ്പത് നഗർ, സൗത്ത് എക്‌സ്‌റ്റൻഷൻ മാർക്കറ്റുകൾ എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം കൊലപാതകത്തിനും അത് മറച്ചുവെക്കാനാവശ്യമായ സാധനങ്ങൾ വാങ്ങിയെന്നും പൊലീസ് പറഞ്ഞു. ആറടി പോളിത്തീൻ കവറും ഇയാൾ വാങ്ങി. സംഭവദിവസം അനീഷ് മഹേഷിനെ സ്വന്തം താമസ സ്ഥലത്തേക്ക് ക്ഷണിച്ചു. തുടർന്ന് മഹേഷ് ആർകെ പുരം സെക്ടർ 2 ലെ അനീഷിന്റെ വസതിയിൽ എത്തി. വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അനീഷ് മാരകമായി തലയിൽ അടിക്കുകയായിരുന്നു.
തുടർന്ന് സോനിപട്ടിലെ വീട്ടിലേക്ക് രക്ഷപ്പെട്ടു. അടുത്ത ദിവസം തിരിച്ചെത്തിയ അനീഷ് 1.5 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. മഹേഷിന് എത്താത്തതിനെ തുടർന്ന് മഹേഷിന്റെ സഹോദരൻ പരാതി നൽകി. സെപ്റ്റംബർ 2 ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam