പണവും സ്കോച്ച് വിസ്കിയും വേണം; വ്യവസായില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയര്‍ പിടിയില്‍

By Web TeamFirst Published Jan 28, 2023, 11:05 PM IST
Highlights

കോട്ടയം: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തില്‍ വ്യവസായിയില്‍‌ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറസ്റ്റില്‍. ഇരുപതിനായിരം രൂപയും സ്കോച്ച് വിസ്കിയുമാണ് എന്‍ജിനീയര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഇ.ടി.അജിത്കുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. പതിനാലു കോടി രൂപ മുടക്കി വ്യവസായം ചെയ്യാനിറങ്ങിയ പ്രവാസി വ്യവസായിയില്‍ നിന്നാണ് അജിത് കൈക്കൂലി വാങ്ങിയത്. 

ആദ്യം അയ്യായിരം രൂപയും സ്കോച്ച് വിസ്കിയും  അജിത് കുമാര്‍ കൈക്കൂലിയായി  വാങ്ങിയിരുന്നു. പിന്നീട് ഇത് പോരെന്നും ഇരുപതിനായിരം രൂപയും സ്കോച്ചും വേണമെന്നും ആവശ്യപ്പെട്ടതോടെ വ്യവസായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് ഒരുക്കിയ കെണിയില്‍ അജിത് കുടുങ്ങി. 

വിജിലന്‍സ് വ്യവസായിക്ക് കൈമാറിയ നോട്ടുകള്‍ തന്നെ എന്‍ജിനീയറില്‍ നിന്ന് പരിശോധനയില്‍ കിട്ടി. വൈകിട്ട് എത്തിച്ചാല്‍ മതിയെന്ന് പറഞ്ഞ് മടക്കി കൊടുത്തതിനാല്‍ സ്കോച്ച് വിസ്കി തൊണ്ടിയായില്ല. അജിത്കുമാറിനെതിരെ മുമ്പും കൈക്കൂലി പരാതികള്‍ ഉയര്‍ന്നിരുന്നെന്നും വിജിലന്‍സ് അറിയിച്ചു.

Read More : സൈബി ജോസിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി കമ്മീഷണർ; ഡിജിപിക്ക് റിപ്പോർട്ട്

tags
click me!