
കൊൽക്കത്ത: കൊൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ വഴിത്തിരിവ്. കേസിൽ കുട്ടിയുടെ മുത്തച്ഛനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ കുറ്റവാളികളുടെ പറുദീസയാകുകയാണെന്ന് ബിജെപി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൊൽക്കത്ത ഹൂഗ്ലിയിൽ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഢനത്തിനിരയായത്. അർദ്ധരാത്രി ഒപ്പം കിടന്ന മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ശരീരമാസകലം മുറിവേറ്റ് നഗ്നയായി സമീപത്തെ ഓടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും ലൈംഗിക പീഡനം നടന്നെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണത്തിന് തയാറായത്. ഇന്ന് രാവിലെ മുത്തച്ഛന്‍ അറസ്റ്റിലായി. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പൊലീസ് ആദ്യം കേസെടുക്കാൻ മടിച്ചെന്ന് ബിജെപി ആരോപിച്ചു. കുറ്റവാളികളെല്ലാം മമത ബാനർജിയുടെ ഭരണത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ പശ്ചിമബംഗാളിൽ ക്രമസമാധാനം പാടേ തകർന്നെന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam