അവിവാഹിതയായ മകള്‍ പ്രസവിച്ചു; നാണക്കേട് മറക്കാന്‍ 30000 രൂപക്ക് നവജാത ശിശുവിനെ മുത്തശ്ശി വിറ്റു

Published : Dec 04, 2019, 03:41 PM IST
അവിവാഹിതയായ മകള്‍ പ്രസവിച്ചു; നാണക്കേട് മറക്കാന്‍ 30000 രൂപക്ക് നവജാത ശിശുവിനെ മുത്തശ്ശി വിറ്റു

Synopsis

മകൾ അവിവാഹിതയായതിനാൽ ബന്ധുക്കളെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം ആശുപത്രിയിലെ ഒരു  ജീവനക്കാരിയോട് കുഞ്ഞിനെ തങ്ങൾക്ക് ആവശ്യമില്ലെന്നറിയിക്കുകയും ചെയ്ത ഇവര്‍ പ്രസവശേഷം കുഞ്ഞ് മരിച്ചെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. 

ബെംഗലുരു: 17 ദിവസം പ്രായമുള്ള കുഞ്ഞിനെ മുപ്പതിനായിരം രൂപക്ക് വിറ്റ് മുത്തശ്ശി. പെണ്‍കുഞ്ഞിന്‍റെ അമ്മ അറിയാതെ ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടെയായിരുന്നു വില്‍പന. ബെംഗലുരു വൈറ്റ്ഫീൽഡ് സ്വദേശിയായ യുവതിയുടെ പരാതിയിൽ ഹളസൂരു പൊലീസ് കേസെടുത്തു.

അവിവാഹിതയായ 23കാരിക്ക് പിറന്ന പെണ്‍കുഞ്ഞിനെയാണ് മുത്തശ്ശി കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് വിറ്റത്. ദത്തെടുക്കലിന്‍റെ നിയമനടപടികൾ പാലിക്കാതെയാണ് ആശുപത്രി ജീവനക്കാർ കുഞ്ഞിനെ നൽകിയതെന്ന് പൊലീസ് പറയുന്നു. കേംബ്രിഡ്ജ് ലേ ഔട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നവംബർ 13 ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

മകൾ അവിവാഹിതയായതിനാൽ ബന്ധുക്കളെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം ആശുപത്രിയിലെ ഒരു  ജീവനക്കാരിയോട് കുഞ്ഞിനെ തങ്ങൾക്ക് ആവശ്യമില്ലെന്നറിയിക്കുകയും ചെയ്ത ഇവര്‍ പ്രസവശേഷം കുഞ്ഞ് മരിച്ചെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. കുഞ്ഞിനെ ഏറ്റുവാങ്ങിയ ജീവനക്കാരി പിന്നീട് കുഞ്ഞിനെ ദമ്പതികൾക്ക് വിൽക്കുകയായിരുന്നു. ഇതിനു പ്രതിഫലമായി യുവതിയുടെ അമ്മയ്ക്ക് 30000 രൂപ ലഭിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നിന്ന്  ഡിസ്ചാര്‍ജ് ആയ സമയത്താണ് മറ്റൊരു ജീവനക്കാരി മുഖേന കുഞ്ഞ് ജീവിച്ചിരിക്കുന്ന വിവരം യുവതി അറിയുന്നത്. തുടർന്നാണ് ഒരു എൻ ജി ഒ യുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകിയത്.

ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തത പൊലീസ് കുഞ്ഞിനെ കണ്ടെത്തി യുവതിയെ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞിനെ വീട്ടിൽ താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് യുവതിയുടെ അമ്മ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് സർക്കാർ അധീനതയിലുള്ള സംരക്ഷണ കേന്ദ്രത്തിലാണ് അമ്മയും കുഞ്ഞും ഇപ്പോൾ കഴിയുന്നത്. ബെംഗലുരു സ്വദേശിയായ ഒരു യുവാവുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു യുവതി. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ യുവാവ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിരുന്നു.

കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്കായി അന്വേഷണം നടത്തുകയാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെ കുഞ്ഞിനെ ദത്തെടുത്തതിന് അവർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ