
കൊച്ചി: പെരുമ്പാവൂർ കേന്ദ്രീകരിച്ച് 35 കോടിയുടെ നികുതി വെട്ടിപ്പ് ജിഎസ്ടി വകുപ്പ് കണ്ടെത്തി. വ്യാജ ജിഎസ്ടി ബില്ലിൻറെ മറവിലാണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശികളായ എ ആർ ഗോപകുമാർ, റഷീദ് എന്നിവരെ അറസ്റ്റു ചെയ്തു.
പെരുമ്പാവൂരിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പ്ലൈവുഡ് ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിനാണ് വ്യാജ ബില്ലുകൾ ഇവർ തയ്യാറാക്കി നൽകുന്നത്. തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പേരുകളിൽ വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ എടുക്കുകയാണ് ഇതിനായി ആദ്യം ചെയ്യുന്നത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ തയ്യാറാക്കുന്ന ഇത്തരം ബില്ലുകളാണ് പ്ലൈവുഡ് കമ്പനികളിൽ നിന്നും സാധനങ്ങൾ കൊണ്ടു പോകുന്ന വാഹനത്തിലുണ്ടാകുക. അതിനാൽ പിടിക്കപ്പെട്ടാലും യഥാർത്ഥ ഉടമകൾ രക്ഷപെടും.
14 വ്യാജ രജിസ്ട്രേഷനുകൾ ഇവരുടെ സംഘത്തിനു മാത്രം ഉണ്ടെന്നാണ് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നത്. ജിഎസ്ടി വകുപ്പിൻറെ കൊച്ചി, തിരുവനന്തപുരം, കോയന്പത്തൂർ എന്നീ മേഖല ഓഫീസുകൾ ചേർന്ന നടത്തിയ സംയുക്ത അന്വേഷണത്തിലാണിത് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam