തൃശൂര്‍ ചെന്ത്രാപിന്നിയിൽ ഗുണ്ടാവിളയാട്ടം; യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് കത്തിച്ചു

By Web TeamFirst Published May 29, 2020, 10:40 PM IST
Highlights

കൊടുക്കാതിരുന്നപ്പോൾ പോക്കറ്റിൽ കൈയിട്ട് പണമെടുക്കാൻ ശ്രമിച്ചു. ചെറുത്തുനിന്നതോടെ ഭീഷണിപ്പെടുത്തുകയും കത്തി കൊണ്ട് മുഖത്ത് മുറിവേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു.

തൃശൂർ: നാടിനെ ഞെട്ടിച്ച് തൃശൂർ ചെന്ത്രപിന്നിയിൽ ഗുണ്ടാവിളയാട്ടം. ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് ബൈക്ക് കത്തിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി ശരത്തിനെ ആണ് പ്രദേശത്തെ ഗുണ്ടയായ സൂരജ് ആക്രമിച്ചത്.

ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ റോഡിൽ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഇലക്ട്രീഷ്യനായ ശരത് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണനാംകുളം സ്വദേശി സൂരജും സുഹൃത്തും ചേർന്ന് ബൈക്ക് തടഞ്ഞു നിർത്തി ബൈക്ക് നൽകാൻ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോൾ പോക്കറ്റിൽ കൈയിട്ട് പണമെടുക്കാൻ ശ്രമിച്ചു. ചെറുത്തുനിന്നതോടെ ഭീഷണിപ്പെടുത്തുകയും കത്തി കൊണ്ട് മുഖത്ത് മുറിവേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. പിന്നീട് ബൈക്കിന് തീവെക്കുകയായിരുന്നു.

പരിക്കേറ്റ ശരത്തിനെ പെരിഞ്ഞനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സൂരജ് നിരവധി ക്രമിനൽ കേസുകളിലെ പ്രതിയും കഞ്ചാവ് മാഫിയ സംഘാഗവുമാണെന്ന് പൊലീസ് പറഞ്ഞു. ശരത്തുമായി ഇയാൾക്ക് യാതൊരു മുൻപരിചയവുമില്ല. സംഭവത്തിനു ശേഷം സൂരജും സുഹൃത്തുക്കളും ഒളിവിലാണ്. കയ്പമംഗലം എസ്ഐ കെ എസ് സുബിന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

click me!