
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നര കോടിയോളം രൂപ വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിൽ ആദ്യമായാണ് ഇത്രയധികം ലഹരിമരുന്ന് ഒന്നിച്ച് പിടികൂടുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. തിരുവല്ല നഗരത്തിൽ തന്നെ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് നിരോധിത പുകയില വസ്തുക്കളായ ഹാൻസും കൂളും കണ്ടെത്തിയത്.
ഒരു ലക്ഷത്തി ആറായിരത്തി എണ്ണൂറ് പാക്കറ്റാണ് വിവിധ ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. പുലർച്ചെ മൂന്ന് മണിക്കാണ് പൊലീസ് സംഘം വീട് വളഞ്ഞത്. ചങ്ങനാശ്ശേരി സ്വദേശിയായ ജയകുമാറും ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആശയുമാണ് വീട് വാടകയ്ക്കെടുത്തത്. കഴിഞ്ഞ ഒരു വർഷമായി ഈ വീട് കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടന്നിരുന്നു. പല ചെറുകിട കച്ചവടക്കാർക്കും ഇവർ ലഹരിവസ്തുക്കൾ എത്തിച്ച് നൽകിയിരുന്നു.
അബ്കാരി കേസിലും പ്രതിയാണ് ജയകുമാർ. പത്തനംതിട്ട നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃ-ത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ഒരു കടയിൽ നിന്ന് പുകയില ഉത്പന്നങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് വൻതോതിൽ ലഹരി മരുന്ന് സൂക്ഷിച്ചിരുന്നവരെ പറ്റി സൂചന കിട്ടിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലും വൻ തോതില്‍ ലഹരി മരുന്ന് പിടികൂടിയിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം കങ്ങരപ്പടിയിലെ പ്രതിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 140 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കങ്ങരപ്പടി സ്വദേശി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലരും ഇയാളുടെ വീട്ടിൽ വന്നുപോകുന്നതായി ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃക്കാക്കര പൊലീസിന്റെ സഹായത്തോടെ ഇവർ ഷമീമിനെ പിടികൂടുകയായിരുന്നു. ലക്ഷങ്ങളുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഇയാൾക്ക് എവിടെ നിന്നാണ് ഇത്രയും വില വരുന്ന ലഹരി മരുന്ന് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ആരുമായെല്ലാം ബന്ധമുണ്ടെന്നും പൊലീസ് അന്വേഷിക്കും.