
പാലക്കാട്: വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച ശേഷം, സ്വർണം കവർന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവ്. പാലക്കാട് മേനോൻപാറ സ്വദേശി സുനിൽ കുമാറിനെയാണ് മണ്ണാർക്കാട് കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി പ്രതി സുനിൽ കുമാർ യുവതിയുമായി അടുപ്പത്തിലായി. പിന്നാലെ പഴനയിൽ കൊണ്ടുപോയി മഞ്ഞച്ചരട് കെട്ടി കല്യാണം കഴിഞ്ഞെന്ന് വിശ്വസിപ്പിച്ചു. പഴനയിൽ തന്നെ ലോഡ്ജിൽ മുറിയെടുത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു.
യുവതി കുളിക്കുമ്പോൾ, ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണം തട്ടിയെടുത്ത് പ്രതി മുങ്ങുകയായിരുന്നു. ഏഴുവർഷം തടവാണ് പ്രതിക്ക് വിധിച്ചത്. രണ്ടുലക്ഷം രൂപ പിഴ നൽകണം. തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. അന്നത്തെ പാലക്കാട് എ എസ്പി ജി പൂങ്കുഴലിയാണ് കേസ് അന്വേഷിച്ചത്.
അതേസമയം, എറണാകുളം പറവൂരിൽ റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ, അനൂപ് കുത്തി കൊലപെടുത്തിയത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.
2006-ൽ കേസിലെ രണ്ടാം പ്രതിയായ സബീർ എന്നയാൾ സന്തോഷ് നടത്തി വന്നിരുന്ന പറവൂർ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റസ്റ്റോറന്റിൽ രാവിലെ എത്തി ചായ ആവശ്യപ്പെടുകയും, ചായ കുടിച്ചതിനു ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്യ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീർ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോയി. കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.