
ആലപ്പുഴ: ഹരിപ്പാട് ആലപ്പുഴ ദേശീയപാതയിൽ അമ്മയും അഞ്ചുവയസുള്ള കുട്ടിയും ഉൾപ്പെടെ നാലുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവും കഠാരയും കണ്ടെടുത്തു. പുലർച്ചെ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ് ആശുപത്രിയിലുള്ള അൻസിഫും മരിച്ച റിയാസും കാപ്പാ കേസ് പ്രതികളാണ്.
പുലർച്ചെ മൂന്നരക്ക് ശേഷം കരീലകുളങ്ങര പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. കായകുളത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ഇന്നോവ കാറാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്. കാറിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശികളായ 25 വയസ്സുള്ള അയിഷ ഫാത്തിമ , മകൻ അഞ്ച് വയസ്സുള്ള ബിലാൽ, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ എന്നിവർ തൽക്ഷണം മരിച്ചു.
കാറോടിച്ചിരുന്ന റിയാസ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. മരിച്ച ആയിഷയുടെ ഭർത്താവ് അൻസിഫ്, കാറിലുണ്ടായിരുന്ന അജ്മി എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ലോറി ഡ്രൈവർ നൗഷാദ്, സഹായി രാജേഷ് എന്നിവർക്കും പരിക്കേറ്റു.
ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീം, അഗ്നിരക്ഷാ സേനാ എന്നിവർ ഒന്നരമണിക്കൂറോളം പണിപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ശക്തമായ മഴയും അമിത വേഗതയുമാണ് അപകടകാരണമായി പൊലീസ് പറയുന്നത്. അപകടത്തെക്കുറിച്ച് കരീലകുളങ്ങര പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam