
ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ മധ്യവയസ്‌കയെ ആക്രമിച്ച് ബോധം കെടുത്തി ഏഴു പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര പൊട്ടന്റെ തറയില്‍ സല്‍മത്തിന്റെ (51) സ്വര്‍ണ്ണമാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ടാങ്കില്‍ വെള്ളം നിറക്കുന്നതിന് പൈപ്പിന്റെ നോബ് തിരിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. വീടിന് സമീപത്ത് ഒളിച്ചിരുന്ന മോഷ്ടാവ് സല്‍മത്തിന്റെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അക്രമത്തില്‍ സല്‍മത്തിന്റെ ബോധം നഷ്ടപ്പെട്ടതോടെ, മോഷ്ടാവ് മാലയും വലത് കൈയിലെ മൂന്ന് വളയും ഊരിയെടുത്തു. ഇടത് കയ്യിലെ വള ഊരാന്‍ ശ്രമിച്ചെങ്കിലും മുറുകി കിടന്നതിനാല്‍ നടന്നില്ല. ഇതോടെ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സംഭവസമയത്ത് സല്‍മത്തിന്റെ മകന്‍ നിസാറും മരുമകള്‍ മുഹ്സിനെയും മക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ടാങ്കില്‍ നിന്നും വെള്ളം നിറഞ്ഞു താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന സല്‍മത്തിനെ നിസാര്‍ കണ്ടത്. ഉടന്‍ തന്നെ തൃക്കുന്നപ്പുഴ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ജീപ്പിലാണ് സല്‍മത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ഇരുമ്പുകമ്പി മോഷ്ടിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
ആലപ്പുഴ: ഇരുമ്പുകമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നെടുമുടി 10 വാര്‍ഡില്‍ കിഴക്കേടം വീട്ടില്‍ വിജേഷി(27)നെയാണ് പോലീസ് പിടികൂടിയത്. ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മെട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇറക്കിവച്ചിരുന്ന 25 കിലോ ഗ്രാം വരുന്ന ഇരുമ്പ് കമ്പിയാണ് വിജേഷ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പകല്‍ സമയം പരിസരത്ത് ചുറ്റിതിരിഞ്ഞ ശേഷം രാത്രി സ്ഥലത്തെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍.ജി, സബ് ഇന്‍സ്പെക്ടര്‍ രാജേഷ് എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിജേഷിനെ പിടികൂടിയത്.