
ലക്നോ: വെട്ടിമുറിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ അസംഗഢിൽ ആണ് സംഭവം. തലയില്ലാത്ത മൃതദേഹത്തിന്‍റെ ഭാഗങ്ങളാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. തല ഇനിയും ലഭിച്ചിട്ടില്ലാത്തതിനാല്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിലെ പശ്ചിം പട്ടി ഗ്രാമത്തിലാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
അഹ്‌റൗള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു കിണറ്റിൽ നിന്നാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തതെന്ന് അസംഗഡ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകുന്നതിനായി മൃതദേഹത്തിന്റെ ഭാഗങ്ങൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഫോറൻസിക് സംഘം ശേഖരിക്കും.
യുവതിയുടെ ശരീരത്തിന്റെ കൈകളും കാലുകളും ശരീരഭാഗങ്ങളും ഗ്രാമവാസികളാണ് ആദ്യം കണ്ടത്. പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് എസ്പി വിശദീകരിച്ചു. കിണറ്റിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ശരീരഭാഗങ്ങൾ കണ്ടതെന്നും അനുരാഗ് ആര്യ പറഞ്ഞു.
അതേസമയം, ദില്ലിയിൽ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ഉപേക്ഷിച്ച വനപ്രദേശത്ത് പ്രതി അഫ്താബിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് ഇടക്കിടെ എടുത്തുനോക്കുമായിരുന്നു എന്നത് അടക്കമുള്ള ഞെട്ടിക്കുന്ന വിശദാംശങ്ങളും പുറത്ത് വന്നു.
ശ്രദ്ധയെ കൊലപ്പെടുത്തതിന് ദിവസങ്ങൾക്ക് മുൻപാണ് അഫ്താബ് ദില്ലി ഛത്തർപൂരിലെ ഫ്ലാറ്റ് വാടകക്കെടുത്തത്. ഇത് കൊലപ്പെടുത്താനുള്ള ഉദ്ദേശം വച്ചാണോയെന്നാണ് ഗൂഢോലോചന സംശയം നിലനിർത്തി പൊലീസ് അന്വേഷിക്കുന്നത്. സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്ന ശ്രദ്ധയും അഫ്താബും തമ്മിൽ കൊലപാതക ദിവസവും വഴക്ക് കൂടിയിരുന്നതായി പൊലീസ് വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam