
ദില്ലി: ഭിവാനിയെ ഞെട്ടിച്ച കൊലപാതകത്തിൽ പൊലീസിന് തുണയായത് സിസിടിവി ദൃശ്യങ്ങൾ. യുവതിയും കാമുകനും ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിക്കാൻ ബൈക്കിൽ കൊണ്ടുപോയതാണ് പ്രതികൾക്ക് തിരിച്ചടിയായത്. 35കാരനായ പ്രവീൺ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രവീണയും കാമുകൻ സുരേഷ് എന്നിവർ അറസ്റ്റിലായി. മാർച്ച് 25നാണ് കൊലപാതകം.
പ്രവീൺ വീട്ടിലെത്തിയപ്പോൾ ഭാര്യയും കാമുകനും അടുത്തിടപഴകുന്നത് കണ്ടു. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ രവീണയും സുരേഷും ഇയാളെ കൊലപ്പെടുത്തി. രവീണ തന്റെ ദുപ്പട്ട ഉപയോഗിച്ച് പ്രവീണിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാത്രിയാകുന്നതുവരെ ഇരുവരും കാത്തിരുന്നു. തുടർന്ന് പ്രവീണിന്റെ മൃതദേഹം 26ന് പുലർച്ചെ ആറ് കിലോമീറ്റർ അകലെയുള്ള അഴുക്കുചാലിൽ ഉപേക്ഷിച്ചു. മൃതദേഹം ബൈക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. എന്നാൽ ബൈക്ക് തിരിച്ചെത്തിയപ്പോൾ അവരിൽ ഒരാൾ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ പൊലീസ് ബൈക്ക് യാത്രക്കാരെ തിരിച്ചറിയുകയും രവീണയെയും സുരേഷിനെയും ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം പ്രവീണിന്റെ അഴുകിയ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തു.
ഒന്നര വർഷം മുമ്പാണ് രവീണയും സുരേഷും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. താമസിയാതെ ഇരുവരും ഒരുമിച്ച് വീഡിയോ ചെയ്തു. രവീണയുടെ സോഷ്യൽമീഡീയ ഇടപെടൽ സംബന്ധിച്ച് ഭർത്താവുമായി തർക്കമുണ്ടായിരുന്നു. സുരേഷുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 34,000-ത്തിലധികം ഫോളോവേഴ്‌സും യൂട്യൂബിൽ 5,000-ത്തിലധികം ഫോളോവേഴ്‌സുമുള്ള ഇൻഫ്ലുവൻസറാണ് രവീണ.
ഹാസ്യാത്മകവും കുടുംബ പ്രശ്‌നങ്ങളുമായിരുന്നു രവീണയുടെ കണ്ടന്റ്. ഇരുവർക്കും ആറ് വയസ്സുള്ള ഒരു മകനുണ്ട്. ഷൂട്ടിംഗിനായി രവീണ പലപ്പോഴും യാത്ര ചെയ്യുന്നതും കുടുംബത്തിൽ പ്രശ്നമുണ്ടാക്കി. എന്നാൽ കുടുംബത്തിന്റെ എതിർപ്പ് രവീണ അവഗണിച്ചു.
ഇൻസ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്സ്; അവസാനം ഭര്‍ത്താവ് ബാധ്യതയായി
മാർച്ച് 25ന് രവീണ ഷൂട്ടിംഗിനായി പുറത്തുപോയെന്നും ഭിവാനിയിലെ പ്രേംനഗറിലുള്ള പ്രവീണിന്റെ വീട്ടിലേക്ക് മടങ്ങിയെന്നും സുരേഷ് പൊലീസിനോട് പറഞ്ഞു. അവിടെ വെച്ചാണ് സുരേഷ് അവളെ കണ്ടുമുട്ടിയത്. ഇരുവരും അടുത്തിടപഴകുന്നതാണ് പ്രവീൺ കണ്ടത്. പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം രവീണ ഒന്നും സംഭവിക്കാത്ത പോലെ അഭിനയിക്കുകയും രാത്രിവരെ കാത്ത് ഇരുവരും മൃതദേഹം ഒഴിവാക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam