ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

Published : Jul 29, 2025, 12:04 AM IST
Bindu Padmanabhan

Synopsis

ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയപരിശോധനകൾ നടത്തിയാൽ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്നു തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ചേർത്തല: ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തി. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായാണ് വിവരം. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭൻ (47), കോട്ടയം ഏറ്റുമാന്നൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ അന്വഷണത്തിലാണ് വീട്ട് വളപ്പിൽ പരിശോധന നടത്തിയത്.

ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയപരിശോധനകൾ നടത്തിയാൽ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്നു തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മൂന്ന് മണിയോടെ കോട്ടയം ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധന തുടങ്ങിയിരുന്നു. രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷമാണ് അസ്ഥി കഷണങ്ങൾ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പൊലീസ് പൂർണമായും ബന്തവസിലാക്കി.

കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ദരുമടക്കം വൻ പൊലീസ് സംഘം സ്ഥലത്തെത്തി. പരിശോധനകൾ രാത്രി വൈകിയും തുടരുകയാണ്. ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈബ്രാഞ്ച് എസ് പി കെ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് തെളിവെടുപ്പു നടത്തുന്നുണ്ട്. കടക്കരപ്പള്ളി ആലുങ്കൽ പത്മനിവാസിൽ ബിന്ദുപത്മനാഭനെ 2013 ഓഗസ്റ്റ് മുതൽ കാണാനില്ലെന്നു കാട്ടി 2017ലാണ് സഹോദരൻ പ്രവീൺ ചേർത്തല പൊലീസിൽ പരാതി നൽകിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് തിരോധാനത്തിന് പിന്നിലെന്നായിരുന്നു പരാതി. ഇതിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റിയനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.

കോട്ടയം ഏറ്റുമാന്നൂർ കോട്ടമുറി ജയ്നമ്മയെ 2024 ഡിസംബർ 23 മുതലാണ് കാണാതായത്. 28ന് സഹോദരൻ സാവിയോ മാണിയും പിന്നീടു ഭർത്താവ് അപ്പച്ചനും പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനമായി പള്ളിപ്പുറത്തായാണ് കണ്ടെത്തിയത്. ഇതേ തുടർന്നു സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് കോട്ടയം ക്രൈംബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തിങ്കളാഴ്ച പറമ്പിലെ കുഴിയിൽ നിന്നും അസ്ഥി കഷണങ്ങൾ കണ്ടെത്താനായത്. ലഭിച്ച അസ്ഥികഷണങ്ങൾ ഫോറൻസിക്ക് ലാബിൽ സൂക്ഷിക്കുമെന്ന് കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി ഗിഷീഷ് പിസാരഥി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ