ക്രൂരമായ നരബലയില്‍ നടുങ്ങി നാട്; കുഞ്ഞുണ്ടാകാൻ ഏഴ് വയസുകാരിയെ കൊലപ്പെടുത്തി അയല്‍വാസി, കനത്ത പ്രതിഷേധം

Published : Mar 27, 2023, 06:18 PM IST
ക്രൂരമായ നരബലയില്‍ നടുങ്ങി നാട്; കുഞ്ഞുണ്ടാകാൻ ഏഴ് വയസുകാരിയെ കൊലപ്പെടുത്തി അയല്‍വാസി, കനത്ത പ്രതിഷേധം

Synopsis

കഴിഞ്ഞ ദിവസം അലോക് കുമാര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു. അതേ കെട്ടിടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി വീണ്ടും നരബലി. കൊല്‍ക്കത്തയിലെ ടില്‍ജാല ജില്ലയിലാണ് സംഭവം. ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയാണ് കൊലപ്പെടുത്തിയത്. തന്‍റെ ഗര്‍ഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാൻ വേണ്ടിയാണ് അലോക് കുമാര്‍ എന്നയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു താന്ത്രികനാണ് കുട്ടിയെ ബലി നല്‍കണമെന്ന് അലോക് കുമാറിന് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം അലോക് കുമാര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു. അതേ കെട്ടിടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്തെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അലോക് കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കുഞ്ഞുണ്ടാകാനായി നരബലി നടത്തണമെന്ന് ഒരു താന്ത്രികൻ അലോക് കുമാറിനോട് പറയുകയായിരുന്നു. ഭാര്യക്ക് മൂന്ന് വട്ടം ഗര്‍ഭഛിദ്രം സംഭവിച്ചതോടെ യുവാവ് കടുത്ത വിഷാദത്തിലായിരുന്നു. ഈ അവസരത്തില്‍ നരബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്നുള്ള താന്ത്രികന്‍റെ ഉപദേശം വിശ്വസിച്ച അലോക് കുമാര്‍ ഏഴ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ അലോക് കുമാര്‍ ഏറെ നാളായി കൊല്‍ക്കത്തയിലാണ് താമസം.

നരബലി നടത്താൻ നിര്‍ദേശിച്ച താന്ത്രികന്‍ ബിഹാറില്‍ നിന്നുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി പൊലീസ് സംഘം ഉടൻ ബീഹാറിലേക്ക് പോകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍. സംഭവത്തില്‍ വൻ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രകോപിതരായ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. 

'രാഹുൽ ഗാന്ധിക്ക് തന്‍റെ സ്വപ്നങ്ങളിൽ പോലും സവര്‍ക്കറാകാൻ സാധിക്കില്ല, കാരണം...'; മറുപടിയുമായി കേന്ദ്ര മന്ത്രി

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം