
കൊച്ചി: തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തിൽ യുവാവ് കൊച്ചിയില്‍ പൊലീസ് പിടിയിലായി. പളളുരുത്തി സ്വദേശിയായ അഫ്സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പളളുരുത്തിക്കാരായ ആറു യുവാക്കളെ ലാവോസില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് അഫ്സര്‍ സമീപിച്ചത്. 50000 രൂപ വീതം വാങ്ങിയ ശേഷം ഇവരെ ലാവോസില്‍ എത്തിച്ചു. അവിടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന യിങ് ലോങ് എന്ന ചൈനീസ് കമ്പനിക്ക് യുവാക്കളെ അഫ്സര്‍ വിറ്റു. ആളൊന്നിന് നാലു ലക്ഷം രൂപ നിരക്കിലായിരുന്നു വില്‍പന. തൊഴില്‍ കരാര്‍ എന്ന പേരില്‍ ചൈനീസ് ഭാഷയില്‍ വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ കടലാസുകളില്‍ യുവാക്കളെ കൊണ്ട് ഒപ്പീടിച്ചതിനു ശേഷമാണ് കമ്പനി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗിച്ചത്. യുവാക്കളുടെ പാസ്പോര്‍ട്ടും ചൈനീസ് കമ്പനി പിടിച്ചു വച്ചു.
തുടര്‍ന്ന് യുവാക്കളെ കൊണ്ട് ഓണ്‍ലൈനില്‍ നിര്‍ബന്ധിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിക്കുകയായിരുന്നു. ഇന്ത്യക്കാരെ ചാറ്റിംഗ് ആപ്പുകളിലൂടെ ബന്ധപ്പെട്ട ശേഷം ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പേര് പറഞ്ഞാണ് കമ്പനി പണം തട്ടിയിരുന്നത്. രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് നല്‍കിയ പരാതിയിലാണ് അഫ്സര്‍ അഷറഫ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ചൈനീസ് കമ്പനിയിലെ ജീവനക്കാരായ സൊങ്, ബോണി എന്നിവരടക്കം ചില ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Read More : രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞു; ഒരുവയസുകാരിയെ അമ്മയുടെ കാമുകൻ കാലിൽ പിടിച്ച് നിലത്തടിച്ച് കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam