
ഭോപാൽ: രാത്രി നിർത്താതെ കരഞ്ഞെന്ന് ആരോപിച്ച് പെൺകുഞ്ഞിനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ഒരു വയസുകാരിയായ പെൺകുഞ്ഞ് രാത്രി കരഞ്ഞതോടെ പ്രകോപിതനായ യുവാവ് കുട്ടിയെ കാലിലിൽ പിടിച്ച് നിലത്തടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ കാമുകനായ 25 കാരൻ ഭയ്യാലാലി(25)നെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
തിങ്കളാഴ്ച അർദ്ധ രാത്രിയോടെയാണ് ഭയ്യാലാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ടീകാംഗഢ് സ്വദേശിനി ജയന്തിയും സുലാര്‍ ഖുര്‍ദ് സ്വദേശിയുമായ ഭയ്യാലാലും മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ സുലാര്‍ ഖുര്‍ദില്‍ താമസിച്ച് വരികയായിരുന്നു. ഭർത്താവിനും മൂന്നുമക്കൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്ന ജയന്തി 20 ദിവസം മുമ്പാണ് കാമുകനൊപ്പം ശിവ്പുരിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനായ ഭയ്യാലാലും ജയന്തിയും ബെംഗളൂരുവിൽ കൂലിപ്പണിക്കാരായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്.
ഒടുവിൽ ഭർത്താവിനെയും മൂത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ജയന്തി ഇളയകുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം രാത്രി കുഞ്ഞ് നിർത്താതെ കരച്ചിലായി. കരച്ചിൽ നിർത്താൻ ജയന്തി ശ്രമിച്ചെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. ഇതോടെ പ്രകോപിതനായ ഭയ്യാലാൽ ഒരു വയസുള്ള കുഞ്ഞിനെ കാലിൽ പിടിച്ചുയർത്തി തറയിലേക്ക് അടിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിന്‍റെ മൂക്കിൽ നിന്നടക്കം ചോര ഒഴുകി. ബോധം പോയ കുഞ്ഞിനെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചയോടെ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞ് മരിച്ചെന്ന് ഉറപ്പായിട്ടും ജയന്തി ആളെ വിളിച്ച് കൂട്ടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്തില്ല. കാമുകൻ വീടി വിടുന്നത് വരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേർത്ത് ഇരിക്കുകയായിരുന്നു അമ്മയായ ജയന്തിയെന്ന് പൊലീസ് പറഞ്ഞു. ഭയ്യാലാൽ വീട്ടിൽ നിന്നും പോയതിന് പിന്നാലെയാണ് ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തി. അന്വേഷണം തുടങ്ങിയതായും പ്രതിയെ ഉടനെ തന്നെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More : തൗഫീഖിനെ ചിലർ തിരിച്ചറിഞ്ഞു, കൊലപാതകം മൂർച്ചയുള്ള ആയുധം കൊണ്ട്; കോഴിക്കോട്ട് 65 കാരന്‍റെ മരണത്തിൽ അറസ്റ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam