വയനാട്ടില്‍ മൃഗവേട്ടക്കിറങ്ങിയ അഞ്ചംഗ സംഘം പിടിയില്‍; തോക്കും വാഹനവും കസ്റ്റഡിയില്‍

By Web TeamFirst Published Oct 11, 2020, 7:52 PM IST
Highlights

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് നീര്‍വാരം മണിക്കോട് നഞ്ചന്‍മൂല വനത്തിനകത്ത് നിന്നും സംഘം പിടിയിലായത്.
 

കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയിലെ നഞ്ചന്‍മൂല കാട്ടില്‍ നായാട്ടിനിറങ്ങിയ അഞ്ച് പേരെ നാടന്‍തോക്കും തിരകളും വാഹനവും സഹിതം വനപാലകര്‍ പിടികൂടി. അഞ്ച്കുന്ന് കല്ലിട്ടാംകുഴിയില്‍ ബാബു എന്ന വേണുഗോപാല്‍ (49), പനമരം തെന്നാശേരി പി.സി. ഷിബി (44), കമ്പളക്കാട് തുന്നകാട്ടില്‍ ഹാരിസ് (41), കമ്പളക്കാട് കിഴക്കന്‍മൂലയില്‍ രാജേഷ് (44), പനമരം അരിഞ്ചേറുമല ഞാറക്കാട്ടില്‍ സത്യന്‍ (44) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് നീര്‍വാരം മണിക്കോട് നഞ്ചന്‍മൂല വനത്തിനകത്ത് നിന്നും സംഘം പിടിയിലായത്. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബി.പി സുനില്‍കുമാറും സംഘവുമാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. തിര നിറച്ച നിലയിലുള്ള നാടന്‍ തോക്കും 25 തിരകളും ഇവര്‍ സഞ്ചരിച്ച ഒമ്നി വാനും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതിന്  പിന്നാലെ ജില്ലയിലെ വനങ്ങളില്‍ നായാട്ടു കൂടിയെന്നാണ് കണക്കുകള്‍. വിവിധ കേസുകളിലായി പത്തില്‍ അധികം പേര്‍ നായാട്ടുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായിട്ടുണ്ട്.

click me!