ആളില്ലാതിരുന്ന വീട് ഏതാനും ആഴ്ചകളായി അനധികൃതമായി മദ്രസയായി ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം
ബറേലി: ആളൊഴിഞ്ഞ വീട്ടിൽ അനുമതിയില്ലാതെ പ്രാർത്ഥന നടത്തി ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ എടുത്തു. ഉത്തർ പ്രദേശിലെ ബറേലിയിൽ ആണ് ഞായറാഴ്ച 12 പേരെ അനുമതിയില്ലാതെ നിസ്കാരം നടത്തിയതിന് കസ്റ്റഡിയിൽ എടുത്തത്. ആളൊഴിഞ്ഞ വീട്ടിൽ ആളുകൾ നിസ്കരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം. ബറേലിയിലെ മൊഹമ്മദ് ഗഞ്ചിലാണ് മുൻകരുതൽ നടപടിയെന്നാണ് ബറേലി എസ്പി അൻഷിക വർമ വിശദമാക്കുന്നത്. ആളില്ലാതിരുന്ന വീട് ഏതാനും ആഴ്ചകളായി അനധികൃതമായി മദ്രസയായി ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. അനുമതി കൂടാതെ മതപരമായ കൂട്ടായ്മകൾ നടത്തുന്നത് നിയമ വിരുദ്ധമെന്നാണ് അൻഷിക വർമ വിശദമാക്കുന്നത്. ഇത്തരം നടപടികൾ ആവത്തിച്ചാൽ കർശന നടപടിയുണ്ടാവുമെന്നാണ് അൻഷിക വർമ്മ വിശദമാക്കിയിട്ടുള്ളത്. സമാധാനം ലംഘിക്കാനുള്ള ശ്രമത്തിനാണ് 12 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയവരെ ജാമ്യത്തിൽ വിട്ടു.
ഒളിവിലുള്ള മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് വിശദമാക്കി. ഹാനിഫ് എന്നയാളുടെ വീട്ടിലാണ് നമാസ് നിസ്കാരം നടന്നത്. ഇതിനായി ആവശ്യമായ അനുമതിയോ കൃത്യമായ രേഖകളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിശദമാക്കുന്നത്. ജനുവരി 16ന് ഈ വീട്ടിൽ വച്ച് നിസ്കാരം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിൽ നടക്കുന്ന പ്രാർത്ഥനകൾക്കെതിരെ ഗ്രാമത്തിലെ ചിലർ പൊലീസിനെ സമീപിക്കുകയായിരുന്നു.


